Friday, May 7, 2021
Home Gulf Qatar ഉംസലാലിലെ മൊത്ത മല്‍സ്യവില്‍പ്പന കേന്ദ്രം ഭാഗികമായി തുറന്നു

ഉംസലാലിലെ മൊത്ത മല്‍സ്യവില്‍പ്പന കേന്ദ്രം ഭാഗികമായി തുറന്നു

ദോഹ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 15 മുതല്‍ അടച്ചിട്ട ഉംസലാലിലെ മൊത്ത മല്‍സ്യ വിപണന കേന്ദ്രം ഭാഗികമായി തുറന്നു. നീണ്ട ഇടവേളക്ക് ശേഷം ഞായറഴ്ച രാവിലെയാണ് വില്‍പന പുനരാരംഭിച്ചത്. കടുത്ത നിയന്ത്രണങ്ങളോടെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുക.

നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാം ഘട്ടത്തില്‍ ആഗസ്റ്റ് ആദ്യത്തില്‍ മാത്രമാണ് മല്‍സ്യ മാര്‍ക്കറ്റിലെ ചില്ലറ വില്‍പന കടകള്‍ സ്റ്റാളുകള്‍ തുറക്കുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഇതില്‍ ഭേദഗതി വരുത്തുകയായിരുന്നു. മല്‍സ്യ മാര്‍ക്കറ്റിലെ സ്ഥിരം തൊഴിലാളികളെ മുഴുവന്‍ കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതില്‍ ഫലം നെഗറ്റിവ് ആയവരെ മാത്രമാണ് കടകളില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നത്.

സന്ദര്‍ശകരുടെ മൊബൈല്‍ ഇഹ്തിറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസ് ആയിരിക്കണം. പ്രവേശന കവാടത്തില്‍ ശരീര താപനില കൂടി പരിശോധിച്ച ശേഷമാണ് പ്രവേശനം അനുവദിക്കുക. ഇത് ഉറപ്പ് വരുത്താനായി ഇവിടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മല്‍സ്യം വാങ്ങാനെത്തുന്നവര്‍ക്കുള്ള ഹാന്‍ഡ് സാനിറ്റൈസറും ഗ്ലൗസുകളും കച്ചവടക്കാര്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

മാര്‍ക്കറ്റ് ഏതാനും ആഴ്ച്ചകള്‍ക്കു ശേഷമേ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കൂ. കോവിഡ് പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ സന്ദര്‍ശകരുടെ എണ്ണം കുറവായിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവില്‍ മല്‍സ്യലേലം ആരംഭിച്ചിട്ടില്ല. മല്‍സ്യ ലേലം ആരംഭിക്കുന്നതോട് കൂടി വില്‍പ്പന വര്‍ധിക്കുമെന്നാണ് കരുതുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.

Wholesale fish market in Umm Salal reopens partially

Most Popular