ദോഹ: യോഗ്യതാ മല്‍സരങ്ങള്‍ക്കിടെ ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച് വിവിധ രാജ്യങ്ങളുടെ ഫുട്ബോള്‍ ടീമുകള്‍. നോര്‍വേ, ജര്‍മനി, നെതര്‍ലന്റ്സ് ടീമുകളാണ് 2022 ലോക കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കിടെ സ്റ്റേഡിയത്തില്‍ വിവിധ രീതിയില്‍ തങ്ങളുടെ പ്രതിഷേധമറിയിച്ചത്. പ്രവാസി തൊഴിലാളികളെ ഖത്തര്‍ ശരിയായ രീതിയില്‍ പരിഗണിക്കുന്നില്ലെന്നാണ് ടീമുകളെ പരാതി. എന്നാല്‍, ഖത്തര്‍ ഇക്കാര്യം ശക്തമായി നിഷേധിക്കുന്നു.
‘ഫുട്ബോള്‍ മാറ്റത്തെ പിന്തുണയ്ക്കുന്നു’ എന്നെഴുതിയ ടീഷര്‍ട്ട് അണിഞ്ഞാണ് നെതര്‍ലന്റ് ടീം കളത്തിലിറങ്ങിയത്. ‘മനുഷ്യാവകാശം- കളത്തിന് അകത്തും പുറത്തും’ എന്നായിരുന്നു നോര്‍വേ ടീം അംഗങ്ങളുടെ ഷര്‍ട്ടില്‍ എഴുതിയിരുന്നത്. ജര്‍മന്‍ ടീം അംഗങ്ങളാവട്ടെ ഓരോരുത്തരുടെ ഷര്‍ട്ടിലും ഓരോ അക്ഷരം എഴുതിയാണ് എത്തിയത്. ഈ അക്ഷരങ്ങള്‍ ചേര്‍ത്താല്‍ മനുഷ്യാവകാശം(HUMAN RIGHTS) എന്ന് വായിക്കാവുന്ന രീതിയില്‍ അവര്‍ സ്റ്റേഡിയത്തില്‍ നിരന്നു നിന്നു. എന്നാല്‍, ലോക കപ്പ് ബഹിഷ്കരിക്കാന്‍ പദ്ധതിയില്ലെന്ന് ടീമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തറില്‍ നടക്കുന്ന ലോക കപ്പ് ഫുട്ബോള്‍ പ്രവാസി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ഉപയോഗിക്കണമെന്ന് കഴിഞ്ഞയാഴ്ച്ച ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഫിഫ പ്രസിഡന്റിന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം, പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഖത്തര്‍ അടുത്ത കാലത്തായി തൊഴില്‍ നിയമത്തിലും മറ്റും സമഗ്ര പരിഷ്കരണങ്ങള്‍ കൊണ്ടുവന്നിരുന്നു. കഫാല സംവിധാനം എടുത്തു കളയല്‍, എന്‍ഒസി ഇല്ലാതെ തൊഴില്‍ മാറ്റം, എക്സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാന്‍ അവസരം, മിനിമം വേതനം തുടങ്ങിയവ ഇതില്‍പ്പെടുന്നു.
ലോക കപ്പ് പദ്ധതികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഖത്തര്‍ ലോക കപ്പ് സംഘാടക സമിതിയും വ്യക്തമാക്കിയിട്ടുണ്ട്.
ALSO WATCH