ദോഹ: കോവിഡ് വ്യാപനം കൂടിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസി തൊളിലാളികള്‍ക്ക് ഖത്തറിലേക്ക് മടങ്ങിയെത്താന്‍ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. ചെറുകിട-ഇടത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ തൊഴിലാളികളാണ് നിലവില്‍ എന്‍ട്രി പെര്‍മിറ്റ് ലഭിക്കാത്തതില്‍ ഭൂരിഭാഗവും. ഇത്തരം തൊഴിലാളികളില്‍ കുറഞ്ഞ ആളുകള്‍ക്ക് മാത്രമേ പെര്‍മിറ്റ് ലഭിക്കുന്നുള്ളുവെന്ന് കമ്പനി ഉടമകള്‍ പരാതിപ്പെടുന്നു.
ചില ട്രേഡുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേണ്ടി പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ നിലവില്‍ പൂര്‍ണമായും നിരസിക്കപ്പെടുകയും ചിലത് പെന്‍ഡിങ് സ്റ്റാറ്റസിലുമാണുള്ളത്. ഇത് അടിയന്തരമായി തീര്‍ക്കേണ്ട പ്രൊജക്ടുകളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. പല ഇടത്തരം കമ്പനികളും ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്.
നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ അത്യാവശ്യമായ ജീവനക്കാര്‍ക്കും രാജ്യത്ത് സ്ഥിരതാമസമുള്ള പ്രവാസികളുടെ കുടുംബങ്ങള്‍ക്കുമാണ് എളുപ്പത്തില്‍ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നത്.
അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതും ഹോട്ടല്‍ ക്വാറന്റീന് ലഭ്യമല്ലാത്തതും ഖത്തറിലേക്ക് മടങ്ങുന്ന പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കേരളത്തില്‍ നിന്നും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും പുറപ്പെടേണ്ട ഖത്തര്‍ എയര്‍വെയ്സിന്റെ നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.
ഇന്ത്യയടക്കമുള്ള കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധമാണ്. എന്നാല്‍, വേണ്ടത്ര ഹോട്ടല്‍ ലഭ്യത ഇല്ലാത്തതിനാല്‍ എന്‍ട്രി പെര്‍മിറ്റ്, ടിക്കറ്റ് ലഭിച്ചിട്ടും ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പ്രവാസികള്‍.
നിലവില്‍ ഈ മാസം 24 വരെ ക്വാറന്റീന് ഹോട്ടലുകളുടെ ലഭ്യത ഇല്ലെന്നാണ് ഡിസ്കവര് ഖത്തറിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതില്‍ ബുക്കിംഗ് ക്യാന്സലേഷനനുസരിച്ച് മാത്രമാണ് ഹോട്ടലുകളുടെ ലഭ്യത. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഹോട്ടലുകള്‍ ക്വാറന്റീനായി ലഭ്യമാക്കണമെന്നും ഖത്തര്‍ അംഗീകൃത കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.