നിയമനടപടി സ്വീകരിക്കാന്‍ തയ്യാര്‍; ഫേസ്ബുക്കില്‍ മോശം കമന്റിട്ടത് താനല്ലെന്ന് അജ്‌നാസ്

ദോഹ: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കില്‍ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി ഖത്തര്‍ പ്രവാസി അജ്നാസ് ആഷാസ് അജ്നാസ്. തന്റെ പേര് അജ്നാസ് തന്നെയാണെന്ന് പറഞ്ഞ ഇയാള്‍ താനല്ല സുരേന്ദ്രന്റെ മകള്‍ക്കെതിരായി അശ്ലീല കമന്റ് ഇട്ടതെന്നും സംഭവം സത്യമെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. ഫേസ്ബുക്കില്‍ അല്‍പസമയം മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പേരില്‍ ഫേക്ക് ഐഡി ഉണ്ടാക്കി ആരോ ഇത്തരത്തില്‍ മോശം കമന്റ് ഇടുകയായിരുന്നുവെന്നും, താന്‍ അറിയാത്ത കാര്യമാണ് സംഭവിച്ചതെന്നും 23 മണിക്കൂര്‍ മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ അജ്നാസ് വിശദീകരിച്ചിരുന്നു. അതേസമയം ഇയാള്‍ക്കെതിരെ കോഴിക്കോട് മേപ്പയ്യൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ദേശീയ ബാലികാ ദിനത്തില്‍ കെ സുരേന്ദ്രന്‍ മകള്‍ക്കൊപ്പം ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് കീഴിലാണ് അജ്നാസ് എന്നയാള്‍ അശ്ലീലപരാമര്‍ശം നടത്തിയത്. ഇതിനെതിരെ വിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. അസഭ്യം പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബി.ജെ.പിക്ക് അറിയാമെന്നും അവരെ വെറുതെ വിടാന്‍ ഉദേശിക്കുന്നില്ലെന്നുമായിരുന്നു സന്ദീപിന്റെ പ്രതികരണം. പിന്നാലെ അജിനാസിന്റെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നല്‍കിയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മടങ്ങിയത്. അജ്നാസിനെ തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും അവന്‍ പറഞ്ഞത് താന്‍ അല്ല, അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നാണ്. അവന്‍ അല്ലെങ്കില്‍ കുഴപ്പമില്ല. ആണെങ്കില്‍ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബി.ജെ.പിക്കാര്‍ മുന്നറിയിപ്പായി പറഞ്ഞിരുന്നു