Saturday, May 15, 2021
Home Gulf ഖത്തറിലെ പ്രവാസികള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഏര്‍പ്പെടുത്തണം; വിദേശകാര്യ മന്ത്രിയോട് പ്രവാസി സംഘടനകളുടെ അഭ്യര്‍ഥന

ഖത്തറിലെ പ്രവാസികള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഏര്‍പ്പെടുത്തണം; വിദേശകാര്യ മന്ത്രിയോട് പ്രവാസി സംഘടനകളുടെ അഭ്യര്‍ഥന

ദോഹ: നിയമപ്രശ്‌നങ്ങളില്‍പ്പെടുന്നവര്‍ക്കും അനാരോഗ്യവും മറ്റും മൂലം ജോലി നഷ്ടപ്പെടുന്നവര്‍ക്കും നാട്ടിലേക്ക് മടങ്ങുന്നതു വരെ താമസിക്കാനുള്ള താല്‍ക്കാലിക സൗകര്യം ഖത്തറില്‍ ഏര്‍പ്പെടുത്തണമെന്ന് പ്രവാസി സംഘടനകള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറിനോട് അഭ്യര്‍ഥിച്ചു.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഇന്നലെ വൈകിട്ട് ഇന്ത്യന്‍ പ്രവാസികളുമായി ഓണ്‍ലൈന്‍ വഴി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തലും ഓണ്‍ലൈനില്‍ പ്രവാസി നേതാക്കളുമായി ചര്‍ച്ച നടത്തി.

ഇന്ത്യന്‍ എംബസിയില്‍ സ്ഥിരം ലീഗല്‍ ഓഫിസറെ നിയമിക്കുക, ഇന്ത്യക്കാര്‍ക്കായി കമ്യൂണിറ്റി കേന്ദ്രം നിര്‍മിക്കുക, ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കാനുള്ള ഭൂമി അനുവദിക്കുക, ദോഹയില്‍ ഇന്ത്യന്‍ സര്‍വകലാശാലകളും കൂടുതല്‍ സ്‌കൂളുകളും തുടങ്ങാനുള്ള അവസരമുണ്ടാക്കുകയും നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.കേന്ദ്രമന്ത്രിയുമായി നടന്ന ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് ഖത്തര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട ആവശ്യങ്ങള്‍ ഇന്ത്യന്‍ പ്രവാസി സംഘടനാ നേതാക്കള്‍ അറിയിച്ചത്.

കോവിഡ് പ്രതിസന്ധിയില്‍ ഏഴര ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് നല്‍കിയ കരുതലിന് ഖത്തര്‍ സര്‍ക്കാരിനെ നന്ദി അറിയിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനകളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐ.സി.സി), ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി), ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐ.എസ്.സി) പ്രസിഡന്റുമാര്‍, വിവിധ ഇന്ത്യന്‍ ബിസിനസ്, കമ്യൂണിറ്റി സംഘടനാ പ്രസിഡന്റുമാരും ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Most Popular