പ്രവാസികള്‍ക്ക് സിവില്‍ ഐ.ഡി കാര്‍ഡിന് പകരം റെസിഡന്‍സ് കാര്‍ഡ് നല്‍കാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് സിവില്‍ ഐ.ഡി കാര്‍ഡിനുപകരം റെസിഡന്‍സ് കാര്‍ഡ് നല്‍കാനൊരുങ്ങി കുവൈത്ത്. നിലവില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സിവില്‍ ഐ.ഡി കാര്‍ഡ് നല്‍കുന്നുണ്ട്. സിവില്‍ ഐ.ഡി കാര്‍ഡ് കുവൈത്തികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. പ്രവാസികളുടെ എല്ലാ വിവരങ്ങളും അടങ്ങുന്ന റെസിഡന്‍ഷ്യല്‍ കാര്‍ഡുകള്‍ വിവിധ മന്ത്രാലയങ്ങളിലും ഏജന്‍സികളിലും ഉപയോഗപ്പെടുത്താനാവും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പാണ് റെസിഡന്‍ഷ്യല്‍ കാര്‍ഡ് തയാറാക്കി നല്‍കുന്നതിന് മേല്‍നോട്ടം വഹിക്കുക. വിവിധ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള റെസിഡന്‍ഷ്യല്‍ കാര്‍ഡ് നിലവിലുള്ളത് വിലയിരുത്തിയാണ് സമഗ്ര പഠനത്തിന് ശേഷം കുവൈത്തിലും ഈ രീതി നടപ്പാക്കാന്‍ തീരുമാനിച്ചത്.

സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി നല്‍കുന്ന സിവില്‍ ഐ.ഡി കാര്‍ഡുകള്‍ നിര്‍ത്തുന്നതോടെ അതോറിറ്റി ആസ്ഥാനത്തെ തിരക്ക് ഗണ്യമായി കുറക്കാന്‍ കഴിയും. സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി സ്ഥാപിതമായ ശേഷം 30 ദശലക്ഷം സിവില്‍ ഐ.ഡി കാര്‍ഡുകള്‍ കുവൈത്തില്‍ വിദേശികള്‍ക്ക് വിതരണം ചെയ്തു. സിവില്‍ ഐ.ഡിയുടെ അതേ സ്വഭാവത്തിലുള്ളതായിരിക്കില്ല റെസിഡന്‍ഷ്യല്‍ കാര്‍ഡ്. സ്ഥിരമായോ താല്‍ക്കാലികമായോ കുവൈത്ത് വിടുകയോ താമസം മാറുകയോ ചെയ്യുന്ന പ്രവാസികള്‍ സിവില്‍ ഐ.ഡി കാര്‍ഡ് ദുരുപയോഗം ചെയ്യുന്നതായി വ്യാപക പരാതിയുണ്ട്. അതിനാലാണ് വ്യത്യസ്ഥ കാര്‍ഡ് എന്ന തീരുമാനത്തിലെത്തിയത്. റസിഡന്‍സി കാര്‍ഡുകളില്‍ ആണെങ്കില്‍ കുവൈത്തില്‍ താമസാനുമതി രേഖ സമ്പാദിക്കുന്ന വിദേശികളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. റെസിഡന്‍ഷ്യല്‍ കാര്‍ഡുകള്‍ ഇത്തരം ദുരുപയോഗം തടയുകയും പ്രവാസികള്‍ കുവൈത്ത് വിടുന്ന സാഹചര്യങ്ങളില്‍ റെസിഡന്‍ഷ്യല്‍ കാര്‍ഡുകള്‍ സ്വാഭാവികമായി റദ്ദാവുകയും ചെയ്യും