ദുബായ്: കോവിഡ് -19 കേസുകളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ ദേശീയ അണുനശീകരണ പദ്ധതി വീണ്ടും നടപ്പാക്കേണ്ടി വരുമെന്ന് യുഎഇ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. വൈറസ് വ്യാപനം കൂടുതലുണ്ടാകുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് അണുനശീകരണം നടത്തേണ്ടി വരുമെന്നാണ് നാഷനല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) വക്താവ് ഡോ. സെയ്ഫ് അല്‍ ധഹേരി പറഞ്ഞത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ യുഎഇയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനെ ”ഭയാനകമായ വര്‍ധനവ്” എന്നാണ് ആരോഗ്യമന്ത്രി അബ്ദുള്‍ റഹ്മാന് അല്‍ ഒവൈസ് വിശേഷിപ്പിച്ചത്.
കഴിഞ്ഞ നാല് ദിവസങ്ങളില്‍ പുതിയ രോഗബാധിതരുടെ എണ്ണം 210ല്‍ നിന്ന് ഇരട്ടിയായി 435ലെത്തി. അധികൃതര്‍ നല്കുന്ന മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തതാണ് ഇതിന് പ്രധാനകാരണം.
ജൂണ്‍ 24ന് യുഎഇ ദേശീയ അണുനശീകരണ പരിപാടി പൂര്‍ത്തിയാക്കുകയും രാജ്യത്തിനകത്തുള്ള യാത്രാനിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തിരുന്നു. കോവിഡ് 19 പ്രതിരോധത്തിനായി മാര്‍ച്ച് 26ന് ആരംഭിച്ച രാജ്യവ്യാപകമായ ഈ പരിപാടിയില്‍ യുഎഇയിലെ പൊതുഗതാഗതം, തെരുവുകള്‍, മറ്റ് പൊതുപ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ മേഖലകളിലും പൂര്‍ണമായി അണുനശീകരണം നടത്തിയിരുന്നു.
വൈറസ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങള്‍ സ്വീകരിച്ച ബ്രേക്ക് ദി ചെയ്ന്‍ നടപടിയെ സ്വാഗതം ചെയ്യുന്നു. സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് ജനങ്ങള്‍ കൂടുതല്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു.