Wednesday, June 23, 2021
Home Gulf പ്രവാസികളുടെ എന്‍.ഒ.സി സംവിധാനം ഉടന്‍ നിര്‍ത്തലാക്കുമെന്ന് ഒമാന്‍

പ്രവാസികളുടെ എന്‍.ഒ.സി സംവിധാനം ഉടന്‍ നിര്‍ത്തലാക്കുമെന്ന് ഒമാന്‍

മസ്‌കത്ത്: വിദേശി തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയിലേക്ക് മാറുന്നതിന് എന്‍.ഒ.സി വേണമെന്ന നിബന്ധന ഒമാന്‍ പിന്‍വലിക്കുന്നു. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദി മനാമയില്‍ പറഞ്ഞു.

രാജ്യത്തിന്റെ തൊഴില്‍ നയത്തിലെ സുപ്രധാന മാറ്റമായിരിക്കും എന്‍.ഒ.സി വ്യവസ്ഥ ഒഴിവാക്കലെന്ന് സയ്യിദ് ബദര്‍ അല്‍ ബുസൈദി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്ഘടന തുറന്നുനല്‍കാന്‍ ലക്ഷ്യമിട്ടുള്ള വിഷന്‍ 2040 പദ്ധതിയുടെ ഭാഗമായാണ് എന്‍.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്.

തൊഴില്‍ നിയമത്തിലെ മാറ്റത്തിനുപുറമെ പുതിയ വരുമാന നികുതി നടപ്പാക്കാനും സബ്സിഡികള്‍ ഒഴിവാക്കുന്നതുമടക്കം സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കും പദ്ധതിയുണ്ടെന്ന് അല്‍ ബുസൈദി പറഞ്ഞു.

കുറഞ്ഞ വരുമാനക്കാരായ പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തിയ ശേഷമാകും സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ നടപ്പാക്കുകയെന്നും അല്‍ ബുസൈദി കൂട്ടിച്ചേര്‍ത്തു.ടൂറിസം മേഖലക്ക് ഉണര്‍വു പകരുന്നതിനും വിവിധ പദ്ധതികള്‍ നടപ്പാക്കും. ഇതിന്റെ ഭാഗമായി നൂറിലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് ഒരുമാസത്തെ വിസ രഹിത പ്രവേശനം അനുവദിക്കുന്നതിനും പദ്ധതിയുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. എന്‍.ഒ.സി ഒഴിവാക്കാനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഒമാന്‍ പ്രഖ്യാപിച്ചത്. സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായി അടുത്ത ഏപ്രില്‍ മുതല്‍ രാജ്യത്ത് മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുമെന്ന് സുല്‍ത്താന്‍ ഉത്തരവിട്ടിരുന്നു.

Most Popular