ദുബൈ: മുസ്ലിം വിവാഹങ്ങളില്‍ വധുവിന്റെ അവകാശമാണ് മഹര്‍ അഥവാ വിവാഹമൂല്യം. പൊതുവെ സ്വര്‍ണാഭരണങ്ങളാണ് വരന് മഹറായി വധുവിന് നല്‍കാറുളളത്. ആഭരണങ്ങള്‍ നല്കുന്ന പതിവില്‍ നിന്ന് മാറി വേറിട്ട മാതൃകയായിരിക്കുകയാണ് ദുബൈയില്‍ എഞ്ചിനീയറായ ആലുവ തായിക്കാട്ടുകര സ്വദേശി അജാസ് മുഹമ്മദും വധു സഫ ഫസലും.
ഒരിക്കലും വറ്റാത്ത സല്‍കര്‍മം, വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ, പ്രാര്‍ത്ഥനക്കുള്ള വസ്ത്രം എന്നിവയാണ് മഹറായി സഫ ചോദിച്ചത്. സഫയുടെ ആവശ്യത്തിന് അജാസിനും കുടുംബത്തിനും പരിപൂര്‍ണ സമ്മതമായിരുന്നു. എപ്പോഴും നിലനില്‍ക്കുന്ന സല്‍കര്‍മം ചെയ്യാനാണ് കോതമംഗലം പീസ് വാലിയുമായി ബന്ധപ്പെടുകയും പീസ് വാലിയിലെ നട്ടെല്ലിന് പരിക്കേറ്റവര്‍ക്കുള്ള ചികിത്സ-പുനരധിവാസ കേന്ദ്രത്തിലേക്ക് ആവശ്യമായ അണ്‍വെയിങ് സിസ്റ്റം വാങ്ങി നല്‍കാനുള്ള തീരുമാനിക്കുകയും ചെയ്തു.
ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്ന മുവാറ്റുപുഴ സ്വദേശി ഫസല്‍ – സാജിത ദമ്പതികളുടെ മകളാണ് സഫ. ദുബൈയില്‍ പ്രവാസികളായ ആലുവ സ്വദേശി മുഹമ്മദ് കുഞ്ഞ് – ആരിഫ ദമ്പതികളുടെ മകനാണ് അജാസ്. ദുബൈയിലെ ശരീഅഃത്ത് കോടതിയില്‍ ഇന്നലെയായിരുന്നു ഇരുവരുടേയും വിവാഹം.
നട്ടെല്ലിന് പരിക്കേറ്റവര്‍ക്കും പക്ഷഘാതം ബാധിച്ചവര്‍ക്കും ചികിത്സയുടെ ഭാഗമായി പരസഹായമില്ലാതെ നടക്കാന്‍ പരിശീലിപ്പിക്കുന്ന ഉപകാരണമാണ് അണ്‍വെയിങ് സിസ്റ്റം. ഒരു ലക്ഷം രൂപയോളമാണ് ഇതിന്റെ ചിലവ്. ഇതോടൊപ്പം ചേര്‍ക്കാനുള്ള റീഹാബ് ട്രെഡ്മില് മരണപ്പെട്ട പിതാവിന്റെ ഓര്‍മ്മക്കായി കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ എം ടെക് വിദ്യാര്‍ഥിനിയായ കരുമാലൂര്‍ സ്വദേശി നസ്ല ലത്തീഫ് വാങ്ങി നല്കി. തനിക്ക് ലഭിക്കുന്ന സ്റ്റൈപ്പെന്റില്‍ നിന്നും സ്വരൂപിച്ച തുകയാണ് നസ്ല പീസ് വാലിക്ക് നല്‍കിയത്.
കോതമംഗലം നെല്ലികുഴിയില്‍ പത്തേക്കര്‍ സ്ഥലത്താണ് പീസ് വാലി പ്രവര്‍ത്തിക്കുന്നത്. നട്ടെല്ലിന് പരിക്കേറ്റവര്‍ക്കുള്ള ചികിത്സ പുനരധിവാസ കേന്ദ്രത്തില്‍ ആയിരത്തോളം പേരാണ് നിലവില്‍ പ്രവേശനത്തിനായി കാത്തിരിക്കുന്നത്. സാമൂഹിക -മാനസിക പുനരധിവാസ കേന്ദ്രം, ഡയാലിസിസ് കേന്ദ്രം, സാന്ത്വന പരിചരണ കേന്ദ്രം, സഞ്ചരിക്കുന്ന ആശുപത്രി എന്നിവയാണ് പൂര്‍ണമായും സൗജന്യമായി പ്രവര്‍ത്തിക്കുന്ന പീസ് വാലിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍.