Thursday, July 29, 2021
Home Gulf ഉംറ തീർഥാടനം പുനരാരംഭിച്ചു; ആദ്യസംഘം വിശുദ്ധ ഹറമിലെത്തി

ഉംറ തീർഥാടനം പുനരാരംഭിച്ചു; ആദ്യസംഘം വിശുദ്ധ ഹറമിലെത്തി

മക്ക: കോവിഡ് വ്യപന പശ്ചാത്തലത്തിൽ നിർത്തിവെച്ച ഉംറ തീർഥാടനം ഇന്ന് പുനരാരംഭിച്ചു. തീർഥാടകരുടെ ആദ്യസംഘം രാവിലെ ആറ് മണിയോടെ വിശുദ്ധ ഹറമിലെത്തി. കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ ഇന്ന് മുതൽ 17 വരെ പ്രതിദിനം 6,000 പേർക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്. ആഭ്യന്തര തീർഥാടകർക്ക് ലമാത്രമാണ് അനുമതി.

ആഗോള വ്യാപകമായി കോവിഡ് റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് നാല് മുതലാണ് തീർഥാടനത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ആഭ്യന്തര ഉംറക്ക് സൗദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവ് അനുമതി നൽകിയതോടെയാണ് നീണ്ട ഏഴ് മാസത്തെ കാത്തിരിപ്പിന് വിരാമമായത്.

ഇഹ്‌റാം ചെയ്യുന്നതിനായി മീഖാത്തിലെത്തുന്നവർ മന്ത്രാലയം പുറത്തിറക്കിയ ഏഴ് നിർദേശങ്ങൾ പാലിക്കണം. തവക്കൽനാ ആപ്പ്് ഡൗൺലോഡ് ചെയ്തിരിക്കണം, ഇഅ്തമർനാ ആപിൽ വിവരങ്ങൾ നൽകി ഉംറ ചെയ്യാനുള്ള അനുമതി ലഭിച്ചിരിക്കണം, മീഖാത്തുകളിൽ സാമൂഹിക അകലം ഉറപ്പുവരുത്തണം, ഇഹ്റാമിൽ പ്രവേശിക്കുന്നതിന് മീഖാത്തുകളിൽ നിശ്ചയിച്ച സ്ഥലങ്ങൾ ഉപയോഗിക്കുക, പള്ളിയിൽ പ്രവേശിക്കുന്നവർ മാസ്‌ക് ധരിക്കണം, നിസ്‌കാരത്തിന് സ്വന്തമായി മുസല്ല കൊണ്ടു വരണം, മസ്ജിദിനകത്ത് അനുവദിച്ച സ്ഥലങ്ങളിൽ മാത്രം നിസ്‌കാരം നിർവഹിക്കുക എന്നിവയാണ് നിർദേശങ്ങൾ.

സുരക്ഷാമുൻകരുതലുകൾ കൃത്യമായി പാലിക്കുന്നതിനായി ആയിരം ആധുനിക ഹൈടെക് വാഷിംഗ് ഉപകരണങ്ങളോടെ പ്രത്യേക പരിശീലനം ലഭിച്ച നാലായിരം ജീവനക്കാരെ സജ്ജമാക്കിയിട്ടുണ്ട്. 180ൽ അധികം ഫീൽഡ് സൂപ്പർവൈസർമാരെയും ഇതിനായി നിയോഗിച്ചു. തീർഥാടകർക്കായി എല്ലാ ദിവസവും 26,000 ബോട്ടിൽ സംസം പുണ്യ ജലവും ഹറമിൽ ഒരുക്കിയിട്ടുണ്ട്.

ഓരോ സംഘത്തിനും മൂന്ന് മണിക്കൂർ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഓരോ സംഘങ്ങളുടെയും ഉംറ പൂർത്തിയ ശേഷം ഹറമിൽ അണുനശീകരണം നടത്തും. ഇഹ്റാമിൽ പ്രവേശിച്ച ശേഷം രോഗലക്ഷണങ്ങൾ കണ്ടാൽ ഇവരെ താമസിപ്പിക്കുന്നതിനായി പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 18 വയസ്സിനും 65 വയസ്സിനും ഇടയിലുള്ളവർക്ക് മാത്രമാണ്് അനുമതി നൽകിയിരിക്കുന്നത്. ഉംറ തീർഥാടനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മുഴുവൻ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും കോവിഡ് സാഹചര്യത്തിൽ തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിനായാണ് ഓൺലൈൻ സൗകര്യമൊരുക്കിയതെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു.

Most Popular