റിയാദ്: പ്രവാസലോകത്ത് ചിത്രംവരക്കാര്‍ ധാരാളമുണ്ട്. എന്നാല്‍, ഒരു കുടുംബം ഒന്നാകെ ചിത്രം വരക്കാരാകുന്നത് അപൂര്‍വമാണ്. നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി ഇസ്ഹാഖും രണ്ട് പെണ്മക്കളും റിയാദിലിരുന്ന് വരച്ചുകൊണ്ടിരുന്നത് ആ അപൂര്‍വതയുടെ വിസ്മയ ചിത്രങ്ങളാണ്.
മൂന്നര പതിറ്റാണ്ടിലേറെ പ്രായമെത്തിയ പ്രവാസത്തിന്റെ കാന്‍വാസില്‍ അവസാന ചിത്രം വരച്ച് അടിയില്‍ കൈയൊപ്പിട്ട് ആ കുടുംബം ഒടുവില്‍ നാട്ടിലേക്ക് മടങ്ങുന്നു. ഉറക്കത്തിലും ഉണര്‍വിലും ചിത്രവരയെ കുറിച്ചുമാത്രം ചിന്തിക്കുന്ന ഈ കുടുംബത്തിന്റെ വിശേഷം ഇതിനകം അറബിക്, ഇംഗ്ലീഷ്, മലയാള മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തപ്രാധാന്യം നേടിയതാണ്.
റിയാദിലെ മലയാളി സമൂഹത്തിന് മാത്രമല്ല, സൗദി പൗരന്മാരുള്പ്പെടെ ചിത്രകലാസ്വാദകരായ വലിയൊരു സമൂഹത്തിന്റെ പ്രിയം പിടിച്ചെടുക്കാന്‍ ഇസ്ഹാഖിന്റെയും മക്കളായ രിസാമ ആരിഫയുടെയും ജുമാനയുടെയും വരസിദ്ധിക്ക് കഴിഞ്ഞിട്ടുണ്ട്. ഇസ്ഹാഖിന്റെ ഭാര്യ നജ്മയും ചിത്രകലയില്‍ കഴിവുള്ളയാളാണെങ്കിലും ബാക്കി മൂന്നുപേരും ചിത്രകലയില്‍ മുഴുകികഴിയുന്നതിനാല് കുടുംബകാര്യം നോക്കാന്‍ വേണ്ടി ബ്രഷ് താഴെ വെച്ചതാണ്.
പൂക്കോട്ടുംപാടത്തെ വട്ടപ്പറമ്പില്‍ കുടുംബാംഗമായ ഇസ്ഹാഖിന്േറത് അങ്ങനെ സമ്പൂര്‍ണ സചിത്ര കുടുംബമായി. സൗദി അറേബ്യയിലെ പ്രമുഖ അറബ് ദിനപത്രങ്ങളിലൊന്നായ അല്യൗമിന്റെ സഹോദര പ്രസിദ്ധീകരണം ‘അല്‍മുബവബ’യുടെ റിയാദ് എഡിഷനില്‍ 14 വര്‍ഷം സീനിയര്‍ ഡിസൈനറായിരുന്നു ഇസ്ഹാഖ്. ശേഷം ഒന്നര വര്‍ഷമായി മെയ്ഡ് ഇന്‍ സൗദിയ എന്ന പരസ്യ കമ്പനിയുടെ റിയാദ് ശാഖയില്‍ സ്റ്റോറി ബോര്‍ഡ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് സ്വന്തം ഇഷ്ടപ്രകാരം പ്രവാസം അവസാനിപ്പിക്കുന്നത്.
വിവാഹിതയായ മൂത്ത മകള്‍ രിസാമ ആരിഫ ഇതിനകം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇളയ മകള്‍ ജുമാന തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ടൂണ്‍സ് ആനിമേഷന്‍ അക്കാദമിയില്‍ ആനിമേഷന്‍ ആന്‍ഡ് ഫിലിം മേക്കിങ്, വി.എഫ്.എക്സ് കോഴ്സുകള്‍ പൂര്‍ത്തിയാക്കി. ഇരുവരെയും കൂട്ടി നാട്ടില്‍ സ്വന്തമായി പരസ്യകമ്പനി തുടങ്ങാനാണ് ഇസ്ഹാഖിന്റെ തീരുമാനം.
മരുമകന് ഷെഫീഖ് അലി ജിദ്ദയില്‍ ജോലി ചെയ്യുന്നു. ഭാര്യ നജ്മയോടൊപ്പം വെള്ളിയാഴ്ച റിയാദില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ ഇസ്ഹാഖ് യാത്ര തിരിക്കും. ചിത്രകാരന്റെ വിസയെന്ന് മോഹിപ്പിച്ച് അറബിയുടെ ൈഡ്രവര്‍ പണിക്ക് കയറ്റിവിട്ട ഏജന്റിന്റെ ചതിയില്‍നിന്നാണ് ഇസ്ഹാഖിന്റെ പ്രവാസജീവിതം ആരംഭിക്കുന്നത്. ജന്മസഹജമായ കഴിവ് സ്വന്തം പരിശ്രമത്തിലൂടെ വികസിപ്പിച്ച ചിത്രകലാ പാടവവുമായി 1984ല്‍ 18ാമത്തെ വയസ്സിലാണ് റിയാദില്‍ എത്തിയത്.
കുടുംബത്തിന് ചിത്രകലാപാരമ്പര്യമുണ്ടായിരുന്നു. അമ്മാവനും രണ്ട് എളാപ്പമാരും നാട്ടില്‍ അറിയപ്പെടുന്ന ചിത്രകാരന്മാരായിരുന്നു. ഉമ്മ ബീയുമ്മയും ചിത്രം വരക്കുമായിരുന്നു. ആ പാരമ്പര്യമാണ് തുടര്‍ന്നത്. മറ്റൊരു വീട്ടില്‍ നിന്നെത്തിയ ഭാര്യ നജ്മയും യാദൃശ്ചികമായിട്ടാണെങ്കിലും ചിത്രകലയില്‍ സിദ്ധിയുള്ളയാളായി. റിയാദില്‍ വിവിധ പരസ്യ കമ്പനികളില്‍ ആര്‍ട്ടിസ്റ്റായായിരുന്നു ഇസ്ഹാഖ് തുടങ്ങിയത്. പത്രത്തില്‍ ജോലി കിട്ടിയത് വഴിത്തിരിവായി. മൂത്ത മകള്‍ ആരിഫക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ കുടുംബവും റിയാദില്‍ ഒപ്പം വന്നു. പിന്നീട് കുടുംബമൊത്താണ് പ്രവാസജീവിതം തുഴഞ്ഞത്.
സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഉപ്പയും മക്കളും ചിത്രകലക്ക് വേണ്ടി ബ്ലോഗുകള്‍ തുടങ്ങിയിരുന്നു. ഫേസ്ബുക്കില്‍ ഇസ്ഹാഖ് ‘ദിനവര’ എന്ന പേരില്‍ എല്ലാ ദിവസവും കണ്ണില്‍പ്പെടുന്ന ഒരു കാഴ്ച വരച്ചിടുന്നത് ശീലവുമാക്കിയിരുന്നു. നാലുവര്‍ഷം അങ്ങനെ 1200ലേറെ ചിത്രങ്ങള്‍ വരച്ചു. ഇങ്ങനെ സജീവമായിരുന്ന പ്രവാസം ചാലിച്ച വര്‍ണക്കൂട്ടുകളാല്‍ വിരിഞ്ഞ മനോഹരമായ ഓര്മചിത്രങ്ങള് മനസ്സില്‍ ബാക്കിയാക്കിയാണ് ഈ വര കുടുംബം മടങ്ങുന്നത്