Saturday, April 10, 2021
Home Gulf സൗദി അറേബ്യയിൽ വെർച്വൽ ക്ലാസ് റൂം വഴി സ്‌കൂളുകൾ ആരംഭിക്കും

സൗദി അറേബ്യയിൽ വെർച്വൽ ക്ലാസ് റൂം വഴി സ്‌കൂളുകൾ ആരംഭിക്കും

ജിദ്ദ: കോവിഡ്- 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സൗദിയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും വെർച്വൽ ക്ലാസ് റൂമുകളിലൂടെ (ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാം) പുതിയ അധ്യയന വർഷം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അൽ ഷെയ്ക്ക് അറിയിച്ചു. ഏഴ് ആഴ്ച ക്ലാസുകൾ വെർച്വൽ ആയി നടത്താനാണ് തീരുമാനമെടുത്തിരിക്കുന്നത്.

സ്‌കൂളുകൾ പൂർവസ്ഥിതിയിൽ തുറക്കുന്നതിനെക്കുറിച്ച് അതിനുശേഷം തീരുമാനിക്കും. കൊറോണവൈറസ് വ്യാപനത്തോതിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനമെടുക്കുന്നത്. ആഗസ്റ്റ് 30നാണ് സ്‌കൂളുകൾ പുനരാരംഭിക്കുന്നത്.

സർവകലാശാലകളും ടെക്‌നിക്കൽ സ്‌കൂളുകളും അവരുടെ ക്ലാസുകൾ വെർച്വൽ ആയി ക്രമീകരിക്കണമെന്നും അൽ-ഷെയ്ക്ക് പറഞ്ഞു. വെർച്വൽ ക്ലാസ് റൂമിൽ പുരുഷ-വനിതാ അധ്യാപകരുടെ സാന്നിധ്യം ഉറപ്പു വരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി ‘ഐൻ’ ടിവി ചാനലിലൂടെ പുതിയ പദ്ധതിയായ ‘മദ്രസതി (മൈ സ്‌കൂൾ)’ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് പടരാൻ തുടങ്ങിയ സാഹചര്യത്തിൽ കഴിഞ്ഞ മാർച്ച് ഒമ്പത് മുതലാണ് സൗദി അറേബ്യയിലെ മുഴുവൻ സ്‌കൂളുകളും സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും താത്കാലികമായി നിർത്തിവെച്ചത്. ഈ സമയത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ ക്ലാസുകൾ ഓൺലൈൻ വഴിയാക്കുകയും ചെയ്തിരുന്നു.

Most Popular