Monday, June 14, 2021
Home Gulf Saudi Arabia ജോണ്‍ ചെയ്ത തെറ്റ് മുറിവേറ്റ ഒരാള്‍ക്ക് കുടിവെള്ളം കൊടുത്തത്; നാട്ടില്‍ പോവാനാവാതെ 14 വര്‍ഷം; വിമാനത്താവളത്തില്‍...

ജോണ്‍ ചെയ്ത തെറ്റ് മുറിവേറ്റ ഒരാള്‍ക്ക് കുടിവെള്ളം കൊടുത്തത്; നാട്ടില്‍ പോവാനാവാതെ 14 വര്‍ഷം; വിമാനത്താവളത്തില്‍ നിന്ന് മടക്കിയത് 24 തവണ

ദമ്മാം: തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി ജോണ്‍ നാട് കണ്ടിട്ട് 14 വര്‍ഷമായി. നാട്ടില്‍ പോകാനായി എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചുപോരേണ്ടി വന്നത് 24 തവണയാണ്. 14 വര്‍ഷം മുമ്പ് 22-ാം വയസ്സില്‍ സൗദിയിലെത്തിയതിന്റെ മൂന്നാം ദിവസം താമസ സ്ഥലത്ത് കവര്‍ച്ചക്കെത്തിയവരുമായുണ്ടായ അടിപിടിയില്‍ പോലിസ് കേസുണ്ടായതാണ് ഊരാക്കുടുക്കായത്. ഇതു മൂലമുള്ള ‘മത്‌ലൂബ്’ എന്ന നിയമക്കുരുക്കാണ് ഈ ചെറുപ്പക്കാരന്റെ നാട്ടിലേക്കുള്ള യാത്ര തടയുന്നതെന്ന് മാധ്യമം റിപോര്‍ട്ട് ചെയ്തു.

ദമ്മാമിലെത്തി മൂന്നാം ദിവസം പുറത്തുപോയി വരുമ്പോള്‍ താമസ സ്ഥലത്തിനടുത്ത് ഒരു സ്വദേശി ബാലന്‍ കാലുമുറിഞ്ഞ് ചോരവാര്‍ന്ന് നില്‍ക്കുന്നത് ജോണിന്റെ ശ്രദ്ധയില്‍ പെട്ടു. ജോണ്‍ ഇയാളുടെ അടുത്തെത്തി ചോര കഴുകിക്കളഞ്ഞ് കുടിക്കാന്‍ വെള്ളം നല്‍കി. ശേഷം മുറിയിലേക്ക് പോയ ജോണിന് പിറകെ ഇയാളും എത്തി. അല്‍പം കഴിഞ്ഞപ്പോഴേക്കും മറ്റ് 11 പേര്‍കൂടി മുറിയിലേക്ക് ഇരച്ചുകയറി.

മുറിയിലുള്ള സാധനങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍, മുറിയിലുണ്ടായിരുന്ന മറ്റ് അഞ്ചുപേര്‍ ഇതിനെ ചെറുത്തതോടെ ഏറ്റുമുട്ടല്‍ നടന്നു. ഈ സമയത്ത് തൊട്ടടുത്ത ബൂഫിയയിലെ മലയാളി പോലിസിനെ വിളിച്ചുവരുത്തി. അന്ന് സ്‌റ്റേഷനില്‍ മറ്റുള്ളവരോടൊപ്പം ഹാജരായ ജോണിന് ഒരു ദിവസം ജയിലിലും കിടക്കേണ്ടിവന്നു. കൂടെയുള്ള മൂന്നുപേര്‍ ഇഖാമയില്ലാത്ത കാരണത്താല്‍ ആറുമാസത്തെ തടവിനുശേഷം നാടുകടത്തപ്പെട്ടു. ഈ പ്രശ്‌നങ്ങള്‍ക്കുശേഷം പലവിധ ജോലികള്‍ ചെയ്ത് പ്രവാസം തുടരുന്നതിനിടെ ജോണ്‍ ഏഴുവര്‍ഷത്തിനുശേഷം ആദ്യമായി നാട്ടില്‍ പോകാനൊരുങ്ങി. അപ്പോഴാണ് പഴയ പോലിസ് കേസ് കുരുക്കായി കിടക്കുകയാണെന്നും യാത്ര നടക്കില്ലെന്നും അറിഞ്ഞത്.

പിന്നീടും നാട്ടില്‍ പോകാനുള്ള നിരന്തര ശ്രമങ്ങള്‍ നടത്തി. പലതവണ നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തി. അവിടെ നിന്ന് എക്‌സിറ്റ് അടിച്ച് വിമാനത്താവളത്തില്‍ പോയി വിരലടയാളം പതിക്കുമ്പോഴേക്കും പഴയ പോലിസ് വാറന്റ് ഉയര്‍ന്നുവരും. അന്ന് ശിക്ഷ കഴിഞ്ഞ് നാട്ടില്‍ പോയവരുള്‍പ്പെടെ സംഘമായാണ് വാറന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ജോണിന്റെ മാത്രമായി വാറന്റ് ഒഴിവാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രശ്‌നം. നിരവധി തവണ പല ഉന്നതരുടെയും ഇടപെടലുകള്‍ക്കൊടുവില്‍ ജോണ്‍ നാട്ടില്‍ പോകാന്‍ തുനിഞ്ഞെങ്കിലും വിമാനത്താവളത്തില്‍നിന്ന് തിരിച്ചയക്കപ്പെട്ടു.

ഇതിനിടയില്‍ ജോണിന് നഷ്ടങ്ങള്‍ ഒരുപാട് സംഭവിച്ചു. നേരത്തേ ഉറപ്പിച്ചുവെച്ച വിവാഹം മുടങ്ങി. അടുത്ത ബന്ധുക്കളില്‍ പലരും മരിച്ചു പിരിഞ്ഞു. മുറിവേറ്റ ഒരാള്‍ക്ക് കുടിവെള്ളം കൊടുത്തത് വലിയ തെറ്റായോ എന്നാണ് ജോണ്‍ ഇപ്പോള്‍ സ്വന്തം മനഃസാക്ഷിയോട് ചോദിക്കുന്നത്. ഇനിയും എന്തുചെയ്യണമെന്നറിയാതെ ഉഴലുന്ന ജോണ്‍ നിലവില്‍ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ സഹായം തേടിയിരിക്കുകയാണ്.

Most Popular