Sunday, September 26, 2021
Home Gulf Saudi Arabia ചാര്‍ട്ടര്‍ വിമാനത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്ന് 31.9 കിലോ സ്വര്‍ണ ബിസ്‌കറ്റ് പിടികൂടി

ചാര്‍ട്ടര്‍ വിമാനത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്ന് 31.9 കിലോ സ്വര്‍ണ ബിസ്‌കറ്റ് പിടികൂടി

ദുബൈ: ചാര്‍ട്ടര്‍ വിമാനത്തില്‍ രാജസ്ഥാനിലെത്തിയ യാത്രക്കാരില്‍ നിന്ന് 31.9 കിലോഗ്രാം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി. ജയ്പൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ സൗദി അറേബ്യയില്‍ നിന്നും റാസല്‍ഖൈമയില്‍ നിന്നും എത്തിയ 14 യാത്രക്കാരില്‍ നിന്നാണ് 15.6 കോടി രൂപ വില വരുന്ന സ്വര്‍ണം പിടികൂടിയത്.

റാസല്‍ഖൈമയില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് 9.3 കിലോഗ്രാം തൂക്കം വരുന്ന 12 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് പിടികൂടിയത്. എമര്‍ജന്‍സി ലാംപിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഒരു സ്വകാര്യ കമ്പനി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ചാര്‍ട്ടര്‍ ചെയ്തതായിരുന്നു വിമാനം.

റിയാദില്‍ നിന്നെത്തിയ 11 പേരില്‍ നിന്ന് 22.65 കിലോവരുന്ന സ്വര്‍ണക്കട്ടികളാണ് പിടികൂടിയത്. യാത്രക്കാരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സ്വര്‍ണക്കടത്തുകാര്‍ കാരിയര്‍മാരാക്കുന്ന നിരവധി സംഭവങ്ങള്‍ കേരളത്തില്‍ നിന്ന് അടുത്തകാലത്ത് റിപോര്‍ട്ട് ചെയ്തിരുന്നു. ജോലി നഷ്ടപ്പെട്ടും വിസിറ്റ് വിസയില്‍ ജോലി തേടിയെത്തി കുടുങ്ങിയവരും ഉള്‍പ്പെടെയുള്ളവര്‍ സാമ്പത്തിക പ്രയാസം മൂലം എളുപ്പത്തില്‍ ഇത്തരക്കാരുടെ കെണിയില്‍ വീഴുന്നുണ്ട്.

Most Popular