അതിര്‍ത്തി വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്ത്; 94 പേര്‍ അറസ്റ്റില്‍

bahrain jail

റിയാദ്: അതിര്‍ത്തി വഴി സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 94 പേരെ സൈനികര്‍ അറസ്റ്റ് ചെയ്തതായി അതിര്‍ത്തി സുരക്ഷാസനേ വക്താവ് ലെഫ്. കേണല്‍ മിസ്ഫര്‍ അല്‍ഖരൈനി അറിയിച്ചു. 75 പേര്‍ ജിസാനില്‍ നിന്നും 13 പേര്‍ അസീര്‍ പ്രവിശ്യയില്‍ നിന്നും ആറുപേര്‍ നജ്റാനില്‍ നിന്നുമാണ് പിടിയിലായത്.

ജിസാനില്‍ അറസ്റ്റിലായവരുടെ പക്കല്‍ നിന്നും 974 കിലോ ഹാഷിഷും 37.5 ടണ്‍ ഖാത്തും അസീര്‍ പ്രവിശ്യയില്‍ അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് 265 കിലോ ഖാത്തും നജ്റാനില്‍ പിടിയിലായവരില്‍ നിന്ന് 88 കിലോ ഹാഷിഷും പിടികൂടി. തബൂക്കില്‍ മയക്കുമരുന്ന് പ്രതികള്‍ കടത്താന്‍ ശ്രമിച്ച 12,912 ലഹരിഗുളികകളും സൈന്യം പിടികൂടി. മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി ലെഫ്.കേണല്‍ മിസ്ഫര്‍ അല്‍ഖരൈനി പറഞ്ഞു.