Monday, May 10, 2021
Home Gulf Saudi Arabia വീട്ടിലേക്കൊരു കത്ത്: കേളിയുടെ നൂതന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി

വീട്ടിലേക്കൊരു കത്ത്: കേളിയുടെ നൂതന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി

റിയാദ്: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനത്തോടനുബന്ധിച്ച് കേളി കലാസാംസ്‌കാരിക വേദി കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു. കേളി റൗദ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ”വീട്ടിലേക്ക് ഒരു കത്ത്” എന്ന് പേരിട്ട കത്തെഴുത്ത് മത്സരമാണ് നടന്നത്.

കേളി റൗദ ഏരിയ സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച ഈ കത്തെഴുത്ത് മത്സരം പുതിയ സാങ്കേതിക വിദ്യകള്‍ നമുക്ക് നഷ്ടപ്പെടുത്തിയ കത്തെഴുത്തിലേക്ക് ഒരു തിരുച്ചുപോക്കായി. മത്സരത്തില്‍ പങ്കെടുത്തവര്‍ പ്രവാസ ജീവിതത്തിലെ കണ്ണീരും, കിനാവും സന്തോഷവും ഇടകലര്‍ന്ന വരികളോടൊപ്പം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും, പ്രവാസികളോടുള്ള കരുതലും തങ്ങളുടേതായ വാക്കുകളില്‍ കത്തുകളിലൂടെ പ്രതിഫലിപ്പിച്ചു. കേന്ദ്രം ഭരിക്കുന്ന സംഘ പരിവാറിന്റെ വര്‍ഗ്ഗീയ കോര്‍പ്പറേറ്റ് പ്രീണന സമീപനങ്ങള്‍ മൂലം ഇന്ത്യക്കാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന അപമാനഭാരവും, കോണ്‍ഗ്രസ്സും ബി ജെ പിയും നടത്തുന്ന നട്ടാല്‍ മുളയ്ക്കാത്ത നുണപ്രചരണങ്ങളും മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് കത്തെഴുത്തിനുള്ള വിഷയമായി.

കേളി റൗദ ഏരിയ യൂണിറ്റുകളിലെ അംഗങ്ങള്‍ മത്സരത്തിലൂടെ എഴുതി തയ്യാറാക്കിയ ഈ കത്തുകള്‍ തപാല്‍ മാര്‍ഗ്ഗം കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ വീടുകളിലേക്കും സുഹൃത്തുക്കളിലേക്കും എത്തിക്കും. ഏപ്രില്‍ 6 നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ടഭ്യര്‍ത്ഥിച്ചുക്കൊണ്ടുള്ള ഈ കത്തെഴുത്ത് മത്സരം കേളി ഏരിയാ കമ്മിറ്റി സെക്രട്ടറി സുനില്‍ സുകുമാരന്‍ സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ സതീഷ്‌കുമാറിനും, ചെയര്‍മാന്‍ സുരേഷ് ലാലിനും ആദ്യത്തെ കത്ത് കൈമാറി ഉദ്ഘാടനം ചെയ്തു.

Most Popular