Saturday, September 25, 2021
Home Gulf സൗദിയിൽ എല്ലാ പൊതുമേഖലാ ജീവനക്കാരും ആഗസ്റ്റ് 30 മുതൽ ഓഫീസിലേക്ക്

സൗദിയിൽ എല്ലാ പൊതുമേഖലാ ജീവനക്കാരും ആഗസ്റ്റ് 30 മുതൽ ഓഫീസിലേക്ക്

റിയാദ്: രാജ്യത്തെ നിലവിലെ ആരോഗ്യസ്ഥിതികൾ വിലയിരുത്തിയ ശേഷം സൗദിയിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ആഗസ്റ്റ് 30 മുതൽ ഓഫീസിൽ തിരിച്ചെത്താം.

ജോലിസ്ഥലങ്ങളിൽ കൊറോണവൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെയായിരിക്കും ജീവനക്കാരുടെ തിരിച്ചുവരവെന്ന് സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു.

അതേ സമയം, എത്ര ജീവനക്കാർ ഓഫീസുകളിൽ വരണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നെല്ലാം പ്രസ്തുത ഓഫീസ് മേധാവിക്ക് തീരുമാനിക്കാം. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർദേശിക്കുന്ന സുരക്ഷാക്രമീകരണങ്ങളോടെ ഇനിപ്പറയുന്ന നിബന്ധനകൾ പാലിച്ചാവണം ഓഫീസുകൾ പ്രവർത്തിക്കേണ്ടത്.

1. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം 25 ശതമാനത്തിൽ അധികം ആകരുത്.

2. അവരവരുടെ ചുമതലകൾ കൃത്യമായി നിർവഹിക്കാൻ സർക്കാർ ഏജൻസി ജീവനക്കാരെ പ്രാപ്തരാക്കണം.

3. നാഷനൽ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ പ്രഖ്യാപിച്ച അണുബാധ സാധ്യതയുള്ള പ്രദേശത്തുള്ളവർ വർക്ക് ഫ്രം ഹോം തുടരും.

4. സൗകര്യപ്രദമായ സമയമനുസരിച്ച് ജീവനക്കാരുടെ ഹാജർ സമ്പ്രദായം തുടരും.

5. കോവിഡ് ആരംഭത്തിൽ പഞ്ചിംഗ് സംവിധാനം നിർത്തിയിരുന്നു. ഇനി ഒരറിയിപ്പുണ്ടാകുന്നതി വരെ അത് തുടരും.

പൊതുമേഖലാ ജോലിസ്ഥലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാഷനൽ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിന്റെ വെബ്സൈറ്റിൽ ഊന്നിപ്പറയുന്നുണ്ട്.

Most Popular