Tuesday, March 9, 2021
Home Featured Gulf News ഒമ്പതു വര്‍ഷത്തിന് ശേഷം സൗദി ജയിലില്‍ പിതാവിനെ കണ്ട് ഉംറ നിര്‍വഹിച്ചു മടങ്ങിയ ആ ബാലന്‍...

ഒമ്പതു വര്‍ഷത്തിന് ശേഷം സൗദി ജയിലില്‍ പിതാവിനെ കണ്ട് ഉംറ നിര്‍വഹിച്ചു മടങ്ങിയ ആ ബാലന്‍ മണ്ണോട് ചേര്‍ന്നു

ജിസാന്‍: പാതി പൂര്‍ത്തിയാക്കിയ ആഗ്രഹങ്ങളുമായി സക്കീര്‍ ഹുസയ്ന്‍ ഈ ലോകത്തോട് വിട പറഞ്ഞു. സൗദിയിലെ ജിസാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിതാവിനെ നേരില്‍ കാണാന്‍ 9 വര്‍ഷത്തിന് ശേഷം സൗദിയിലെത്തി തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുകയും ഉംറ തീര്‍ഥാടനം നിര്‍വഹിക്കുകയും ചെയ്തു മടങ്ങിയ തമിഴ്‌നാട്ടിലെ സക്കീര്‍ ഹുസൈന്‍ കൊടുവാലി (14)യാണ് മരണത്തിന് കീഴടങ്ങിയത്.

ഉദാരമതികളുടെ സഹകരണത്തോടെ ഉംറ നിര്‍വഹിക്കാനെത്തിയ അര്‍ബുദ രോഗിയായ സക്കീറിന് സാമൂഹിക പ്രവര്‍ത്തകരാണ് തടവില്‍ കഴിയുന്ന തന്റെ പിതാവിനെ കാണാനുള്ള അവസരമൊരുക്കിയത്. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ആ സംഗമം. ഉംറ നിര്‍വഹിക്കുകയും പിതാവിനെ കാണുകയും എന്നത് ഈ ബാലന്റെ ജീവിതാഭിലാഷമായിരുന്നു. പിതാവ് സൈദ് സലീം പിന്നീട് ജയില്‍ മോചിതനായി നാടണഞ്ഞിരുന്നു.

ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിന് പാടന്തറ മര്‍കസ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍ പഠിച്ച് കൊണ്ടിരിക്കെയാണ് അര്‍ബുദം പിടിപെടുന്നത്. അര്‍ബുദത്തിന് ചികിത്സയിലായിരിക്കെ മക്കയും മദീനയും കാണാനും ഉംറ നിര്‍വഹിക്കാനുമുള്ള തന്റെ ആഗ്രഹം ഉദാരമതികള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതാണ് ജയില്‍ കഴിയുന്ന തന്റെ പിതാവിനെ കാണാനും വഴിവെച്ചത്.

മാതാവ് സഫിയ, പിതാമഹന്‍ മുഹമ്മദലി ഹാജി, പിതൃ സഹോദരന്‍ ഷിഹാബ് എന്നിവരും അന്നത്തെ സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നു. ഖുര്‍ആന്‍ മുഴുവനായും മനഃപാഠമാക്കാനുള്ള തന്റെ ആഗ്രഹം പൂവണയാതെയാണ് തമിഴ്നാട് ഗൂഡല്ലൂര്‍ ദേവര്‍ശോല സ്വദേശി സക്കീര്‍ ഹുസൈന്‍ ഈ ലോകത്തോട് വിട വാങ്ങിയത്.

Most Popular