Tuesday, May 11, 2021
Home Gulf Saudi Arabia കേന്ദ്ര ബജറ്റ് - കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്: റിയാദ് കേളി

കേന്ദ്ര ബജറ്റ് – കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്: റിയാദ് കേളി

റിയാദ്: നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 2021 – 2022 ലെ ബജറ്റ് പൂര്‍ണ്ണമായും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതും, സമ്പത്ത് മുഴുവന്‍ ഇന്ത്യയിലെ വന്‍കിട ബിസിനസ്സുകാര്‍ക്ക് അടിയറവ് വെക്കാനുതകുന്നതുമാണെന്ന് കേളി കലാസാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു.

കോവിഡ് മഹാമാരിയും സാമ്പത്തികമാന്ദ്യവും കൊണ്ട് ദുരിതമനുഭവിക്കുമ്പോള്‍ പോലും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലക്കുന്നതും, പൊതുനിക്ഷേപം വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാത്തതും രാജ്യത്തെ ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്. പെട്രോള്‍, ഡീസല്‍ തീരുവ വര്‍ധന വഴി ജനങ്ങളില്‍നിന്ന് വന്‍തുക പിഴിഞ്ഞെടുത്തിട്ടും നടപ്പുവര്‍ഷം ധനക്കമ്മി ജിഡിപിയുടെ 9.5 ശതമാനമായി ഉയരാന്‍ കാരണം വരുമാനത്തില്‍ ഉണ്ടായ വന്‍ഇടിവാണെന്ന് സര്‍ക്കാര്‍ പറയുന്നത് തികച്ചും അവിശ്വസനീയമാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നുംതന്നെ ഈ ബജറ്റിലില്ല. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നിരക്കുകളിലെ വര്‍ധനവ്, വരുമാന നികുതിയിലെ ഇളവ്, ചെറുകിട കച്ചവടക്കാര്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയവയൊന്നും തന്നെ ഈ ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഇടംപിടിച്ചിട്ടില്ല. ഫാം സെസ് എന്ന പേരില്‍ പെട്രോളിനും ഡീസലിനും ഇന്ധന സെസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അത് വിലക്കയറ്റം വര്‍ധിപ്പിക്കുന്നതിനും പൊതുജനങ്ങളെ കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നതിനും കാരണമാകും. ഇരുമ്പിനും സ്റ്റീലിനും വൈദ്യുതിക്കുമെല്ലാം വിലകൂടുന്ന നിര്‍ദേശങ്ങളാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതാകട്ടെ വളരെ വലിയൊരു വിഭാഗം ആളുകള്‍ തൊഴില്‍ ചെയ്യുന്ന നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കും.

കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതിനുപകരം അവര്‍ക്ക് കൂടുതല്‍ കടം ലഭ്യമാക്കുന്ന നടപടിയാണ് കേന്ദ്രം കൈക്കൊള്ളുന്നത്. ഇത് അവരെ കൂടുതല്‍ കടക്കെണിയിലാക്കും എന്നതല്ലാതെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉതകുകയില്ല. കാര്‍ഷിക മേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കാനേ ഇത് ഉപകരിക്കൂ എന്നും കേളിയുടെ പ്രസ്താവനയില്‍ പറയുന്നു.

Most Popular