Saturday, September 25, 2021
Home Gulf Saudi Arabia കോവിഡ് പ്രതിസന്ധിയെ മറികടക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി

കോവിഡ് പ്രതിസന്ധിയെ മറികടക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി

ജിദ്ദ: കോവിഡ് ബാധിതരില്‍ 70 ശതമാനവും സുഖംപ്രാപിച്ചെന്നും പ്രതിസന്ധിയെ സുരക്ഷിതമായി മറികടക്കുമെന്നും സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. കോവിഡിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലായാണ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയതെന്ന് ‘അല്‍അറബിയ’ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

വൈറസിനെതിരായ നടപടികള്‍ ലംഘിക്കുന്നവര്‍ നമ്മെ വീണ്ടും കുഴപ്പത്തിലേക്ക് വലിച്ചുകൊണ്ടുപോവുകയാണ്. കോവിഡിനെ നേരിടാനുള്ള രാജ്യത്തിന്റെ കഴിവ് പ്രകടമാണ്. നിയന്ത്രണ നടപടികള്‍ ലഘൂകരിക്കുന്നത് വൈറസിനെ നേരിടാനുള്ള പൗരന്മാരുടെ അവബോധത്തെ ആശ്രയിച്ചാണ്.

രോഗം സ്ഥിരീകരിച്ച കേസുകളില്‍ 70 ശതമാനത്തിലധികം സുഖംപ്രാപിച്ചിതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജി20 രാജ്യങ്ങളില്‍ സൗദിയിലെ മരണ നിരക്ക് ഏറ്റവും കുറവാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഇടയില്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. കുട്ടികളിലെ രോഗബാധ സാധാരണഗതിയില്‍ കുറവാണ്. അധികവും ലക്ഷണങ്ങളില്ലാത്തതാണ്.

ചില ഒറ്റപ്പെട്ട പെരുമാറ്റങ്ങള്‍ ഖേദകരമാണ്. കോവിഡ് കേസുകള്‍ മെഡിക്കല്‍ മേഖലക്ക് തരണം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ കടുത്ത മുന്‍കരുതല്‍ നടപടികളിലേക്ക് മടങ്ങേണ്ടിവരുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

country will overcome covid crisis: Saudi health minister


 

Most Popular