Monday, June 21, 2021
Home Newsfeed കോവിഡ് വാക്‌സിനേഷനില്‍ ഇന്ത്യ പരാജയം; ശാസ്ത്രീയ നടപടികള്‍ വേണം

കോവിഡ് വാക്‌സിനേഷനില്‍ ഇന്ത്യ പരാജയം; ശാസ്ത്രീയ നടപടികള്‍ വേണം

ഡോ. അബ്ദുല്‍ അസീസ് സുബൈര്‍ കുഞ്ഞ്

ലോകത്തിലെ തന്നെ ഏറ്റുവും മികച്ച വാക്‌സിന്‍ നിര്‍മാണ സാധ്യത ഉള്ള രാജ്യമാണ് ഇന്ത്യ. ലോകത്താദ്യമായി കോവിഡ് വാക്‌സിന്‍ ഉല്‍പാദനമാരംഭിച്ച രാജ്യങ്ങളിലും ഇന്ത്യ മുന്‍പന്തിയിലാണ്. എന്നാല്‍ നിലവില്‍ കോവി ഡിന്റെ പ്രഹരം കടുത്ത ആഘാതം വിതച്ചുകൊണ്ടിരിക്കുന്ന രാജ്യവും ഇന്ത്യതന്നെ. ഇന്ത്യയില്‍ വാക്‌സിന്‍ ഉല്‍പാദനമാരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നാല്‍ സ്വന്തം പൗരന്മാര്‍ക്ക് തക്കസമയത്തു വാക്‌സിന്‍ നല്‍കുന്നതില്‍ രാജ്യം ദയനീയമാംവിധം പരാജയപ്പെട്ടിരിക്കുന്നു.

2021 ജൂണ്‍ 6 വരെയുള്ള സര്‍ക്കാര്‍ കണക്കു പ്രകാരം രാജ്യത്തു 3.3 ശതമാനം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ് ലഭിച്ചത്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ വളരെവേഗം പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍നല്‍കുക മാത്രമാണ് അതിവേഗം ജനിതകമാറ്റം സംഭവിക്കുന്ന കോവിഡ് അണുവിനെ പിടിച്ചുകെട്ടാന്‍ ഏറ്റവും ഫലപ്രദമായ നടപടി. കൂടാതെ. മികച്ച രോഗപ്രതിരോധ നിരീക്ഷണസംവിധാനവും ഫലപ്രദമായ രോഗനിയന്ത്രണവും അനിവാര്യമായ ഘട്ടമാണിത്. നഷ്ടപ്പെടുന്ന ഓരോ മണിക്കൂറും നിരവധി രോഗപ്പകര്‍ച്ചയ്ക്കും അനവധി മരണങ്ങള്‍ക്കും വഴിവെയ്ക്കുമെന്ന കാര്യം വിസ്മരിച്ചുകൂടാ. രാജ്യത്തെ പൊതുജനാരോഗ്യവിദഗ്ധരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തേണ്ട സന്ദര്‍ഭവും ഇപ്പോള്‍തന്നെ. ശരിയായനടപടികള്‍ ഇനിയും വൈകിയാല്‍ കോവിഡ് മാഹാമാരി വര്ഷങ്ങളോളം ഇന്ത്യയില്‍ നിലനില്‍ക്കും. രാജ്യത്തിന്റെ സകലമേഖലകളെയും തളര്‍ത്തും.

നമ്മുടെ വാക്‌സിന്‍ നിര്‍മാണശേഷിയും വൈദഗ്ധ്യവും പരമാവധി പ്രയോജനപ്പെടുത്തേണ്ട സമയമാണിത്. ആ നിലക്കുള്ള ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നിന് പോലും വാക്‌സിന്‍ നിര്‍മാണ അനുമതിയോ സാമ്പത്തിക സഹായമോ നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മാണ കമ്പനികളായ സെന്‍ട്രല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഹിമാചല്‍ പ്രദേശ്), പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, എച്ച് എല്‍ എല്‍ (രണ്ടും തമിഴ് നാട്), ഭാരത് ബയോളോജിക്കല്‍ ആന്‍ഡ് ഇമ്മ്യൂണോളജിക്കല്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഉത്തര്‍ പ്രദേശ്), ഹാഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് (മഹാരാഷ്ട്ര), ഹ്യൂമന്‍ ബയോളോജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (തെലുങ്കാന) എന്നീ സ്ഥാപനങ്ങളെ ഒഴിവാക്കി, ചില സ്വകാര്യകമ്പനികള്‍ക്ക് കോടികള്‍ മുന്‍കൂര്‍ ആയി നല്‍കി നിര്‍മാണാനുമതി നല്‍കുന്നതാണ് നാം കാണുന്നത്.

നിലവില്‍ ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസിനികയുടെ സഹകരണത്തോടെയുള്ള കോവിഷീല്‍ഡ് വാക്‌സിന്‍ സെറം ഇന്‍സ്റ്റിട്യൂട്ടും തദ്ദേശീയമായി നിര്‍മിച്ച കോവാക്‌സിന്‍ ഭാരത് ബയോടെകും ആണ് നിര്‍മിക്കുന്നത്. അവയ്ക്കാ ണെങ്കിലോ രാജ്യത്തിന് അടിയന്തിരമായി ആവശ്യമുള്ള അളവില്‍ വാക്‌സിന്‍ നിര്‍മിച്ചുനല്‍കുവാന്‍ കഴിയു ന്നുമില്ല. ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുകളെ തുടര്‍ന്ന് ഏതാനും വാക്‌സിനുകള്‍ക്കു കൂടി ഇന്ത്യയില്‍ അനുമതി നല്‍കി എന്നത് ശരിയാണ്. അതേസമയം ദേശീയ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിന്റെയും ഐ സി എം ആറിന്റെയും സഹകരണത്തോടെ വികസിപ്പിച്ച കോവാക്‌സിന്‍ ഹാഫ്കിന്‍ ബയോഫാര്‍മക്യുട്ടിക്കല്‍ ലിമിറ്റഡ് വഴി കൂടി നിര്‍മിക്കാന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനുവദിച്ചില്ല.

മദ്രാസ്, കേരളാ ഹൈക്കോടതികള്‍ക്ക് പുറമെ സുപ്രിം കോടതിയുടെ പോലും ആശങ്കയും ഇടപെടലും ഉണ്ടായ ദയനീയ അവസ്ഥ യ്ക്ക് രാജ്യം സാക്ഷ്യംവഹിച്ചു. 2016- ല്‍ ഉത്ഘാടനംചെയ്യപ്പെട്ട ചെങ്കല്‍പേട്ട (തമിഴ് നാട്) ഇന്റഗ്രേറ്റഡ് വാക്‌സിന്‍ കോംപ്ലക്‌സ് ഇപ്പോഴും പ്രവര്‍ത്തനരഹിതമാണ്. ഈ വിവാദങ്ങള്‍ നിലനില്‍ക്കെ ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍-ഇ എന്ന കമ്പനിയ്ക്ക് പുതിയ കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ 1500 കോടി മുന്‍കൂര്‍തുക നല്‍കിയിരിക്കുകയാണിപ്പോള്‍.സുപ്രിംകോടതിയുടെ നിരീക്ഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിരക്കുന്നതായില്ല ഈ തീരുമാനവും.

കേവലം അധരവ്യായാമംകൊണ്ട് ജനങ്ങളില്‍ തെറ്റായ സുരക്ഷിതത്വബോധം സൃഷ്ടിക്കുന്നത് കൂടുതല്‍ അപകടം വരുത്തിവയ്ക്കും. കുറ്റമറ്റ പ്രതിരോധനടപടികള്‍ മാത്രമാണ് വേണ്ടത്. ആയതിനാല്‍ ജൂണ്‍ 6-നു പ്രധാനമന്ത്രി പ്രഖ്യാപിച്ച വാക്‌സിന്‍ നയം കൂടുതല്‍ പരിഷ്‌കരിക്കണം, മെച്ചപ്പെടുത്തണം.
സ്വാകാര്യകമ്പനികളില്‍ നിന്നും ചെറിയ അളവില്‍, അതും കൂടിയ വിലയ്ക്ക് വാക്‌സിന്‍ വാങ്ങി സംസ്ഥാന ങ്ങള്‍ക്ക് നല്‍കിയാല്‍ പരിഹരിക്കാവുന്ന നിലയിലല്ല ഇപ്പോഴത്തെ രോഗവ്യാപനനിരക്ക്. നിര്‍മാണകേന്ദ്രങ്ങള്‍ അടിയന്തിരമായി നവീകരിച്ച് സര്‍ക്കാര്‍ മേഖലയില്‍കൂടി വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കണം.

കോവിഡ് പോലുള്ള മഹാമാരികള്‍ നേരിടാന്‍ കേന്ദ്രീകൃതവും സംയോജിതവുമായ പ്രതിരോധ നടപടികളാണ് വേണ്ടത്. കുറഞ്ഞസമയത്തിനുള്ളില്‍ പരമാവധിപേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുവാന്‍ സംവിധാനമുണ്ടാകണം. മറ്റു രാജ്യങ്ങളുടെ മാതൃക പിന്തുടര്‍ന്ന് സമ്പൂര്‍ണ സൗജന്യ കേന്ദ്രീകൃത വാക്‌സിന്‍ വിതരണ സംവിധാനം വളരെവേഗം നടപ്പാക്കണം. ഇപ്പോള്‍ പ്രഖ്യാപിച്ച 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാമെന്ന തീരുമാനം പിന്‍വലിക്കണം. വാക്‌സിന്‍ നിര്‍മാണ-വിതരണ സംവിധാനം കുറ്റമറ്റതും സുതാര്യവുമാക്കണം. ഈ രംഗത്തെ എല്ലാവിധ ചൂഷണങ്ങളും അവസാനിപ്പിക്കണം. രാജ്യത്താകെ സൗജന്യ വാക്‌സിനേഷന്‍ സൗകര്യം ഉടന്‍ പ്രഖ്യാപിക്കണം.

ഇന്ത്യയിലെ ശേഷിയുള്ള എല്ലാ പൊതു മേഖലാ വാക്‌സിന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നിര്‍മാണാനുമതി നല്കുകവഴി രാജ്യത്തെ വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കാം. ലോകവ്യാപകമായി ഇപ്പോഴുള്ള വാക്‌സിന്‍ ഡിമാന്റ് മാസങ്ങളോളം നിലനില്ക്കുമെന്നതിനാല്‍ അധിക ഉല്‍പ്പാദനത്തിലൂടെ കോവാക്‌സ് സംവിധാനം വഴി മറ്റു രാജ്യങ്ങളെ സഹായിക്കുവാനും കഴിയും. കുറഞ്ഞ ചെലവില്‍ മികച്ച വാക്‌സിന്‍ ദായക രാജ്യമെന്ന ബഹുമതിയായിരിക്കും നമ്മെ തേടിയെത്തുക! വേണ്ടത് രാഷ്ടീയ ഇച്ഛാശക്തി മാത്രം!

(റിയാദ് നാഷണല്‍ ഗാര്‍ഡ് ഹെല്‍ത്ത് അഫയേഴ്സ് മന്ത്രാലയത്തിലെ കിംഗ് അബുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ഡോക്ടറാണ് ലേഖകന്‍)

Most Popular