Monday, June 21, 2021
Home Gulf Saudi Arabia സൗദിയില്‍ തടവുകാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നു

സൗദിയില്‍ തടവുകാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നു

റിയാദ്: വിവിധ കേസുകളില്‍ ദേശീയ സുരക്ഷാ ഏജന്‍സിക്കു കീഴില്‍ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 68 ശതമാനം പേര്‍ക്കും ഇതിനകം കോവിഡ് വാക്സിന്‍ നല്‍കിയതായി റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് തടവുകാര്‍ക്ക് വാക്സിന്‍ നല്‍കുന്നത്. വാക്സിന്‍ സ്വീകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച അവശേഷിക്കുന്ന തടവുകാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. പ്രത്യേക സമയക്രമം അനുസരിച്ച് ഇവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ശ്രമം തുടരുകയാണ്. തടവുകാരെ നിശ്ചിത ഗ്രൂപ്പുകളായി തിരിച്ചാണ് വാക്സിന്‍ നല്‍കുന്നതെന്നും വാക്സിന്‍ നല്‍കിയ ശേഷം ഇവരുടെ സുരക്ഷ ഉറപ്പുവരുത്തിയാണ് പുതിയ ഗ്രൂപ്പുകള്‍ക്ക് വാക്സിന്‍ നല്‍കുന്നത്.

നിര്‍ബന്ധിതമായല്ല തടവുകാര്‍ക്ക് വാക്സിന്‍ നല്‍കുന്നത്. വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന തടവുകാര്‍ക്കെതിരെ ഒരുവിധ നടപടികളും സ്വീകരിക്കുന്നില്ല. വാക്സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കാത്തവരില്‍ നിന്ന്, തങ്ങളാണ് വാക്സിന്‍ നിരസിക്കുന്നതെന്ന കാര്യം വ്യക്തമാക്കി സത്യവാങ്മൂലം വാങ്ങുന്നുണ്ട്. വാക്സിന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം തടവുകാര്‍ക്കാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

 

 

 

Most Popular