Sunday, September 26, 2021
Home Gulf Saudi Arabia ദമ്മാമില്‍ നിന്നു കൊച്ചി വിമാനവും പുറപ്പെട്ടു: ഇനി ജിദ്ദയില്‍ നിന്നു കൊച്ചി, കോഴിക്കോട് വിമാനങ്ങള്‍

ദമ്മാമില്‍ നിന്നു കൊച്ചി വിമാനവും പുറപ്പെട്ടു: ഇനി ജിദ്ദയില്‍ നിന്നു കൊച്ചി, കോഴിക്കോട് വിമാനങ്ങള്‍

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കപ്പെട്ട അഞ്ചു വിമാനങ്ങളില്‍ മൂന്നാമത്തെ എയര്‍ ഇന്ത്യ വിമാനം 174 യാത്രക്കാരുമായി ദമ്മാമില്‍ നിന്നു കൊച്ചിയിലേക്ക് ചൊവ്വാഴ്ച ഉച്ചക്ക് 12.45 പുറപ്പെട്ടു. രാത്രി വിമാനം കൊച്ചിയിലെത്തും. ഇതില്‍ ഭൂരിഭാഗവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഗര്‍ഭിണികളും പ്രായം ചെന്ന സന്ദര്‍ശക വിസയിലുള്ളവരും രോഗികളുമാണ്.

ആദ്യ രണ്ടു വിമാനങ്ങളും റിയാദില്‍ നിന്നാണ് പോയത്. കോഴിക്കോട്ടേക്ക് പോയ വിമാനത്തില്‍ അനര്‍ഹരായവര്‍ കടന്നു കൂടുകയും അര്‍ഹതപ്പെട്ട പലരും നിരവധി തവണ അപേക്ഷിച്ചിട്ടും സീറ്റ് കിട്ടിയില്ല എന്നുമുള്ള പരാതികള്‍ വന്നത് കൊണ്ട് വളരെയധികം സൂക്ഷ്മ പരിശോധന നടത്തിയാണ് പിന്നീടുള്ള വിമാനങ്ങളില്‍ ഇന്ത്യന്‍ എംബസി യാത്രക്കാരെ തിരഞ്ഞെടുക്കുന്നത്. വെള്ളിയാഴ്ച കോഴിക്കോട്ടേക്ക് റിയാദില്‍ നിന്ന് പോയ എയര്‍ ഇന്ത്യ വിമാനത്തില്‍ 152 യാത്രക്കാരായിരുന്നു. തിങ്കളാഴ്ച റിയാദില്‍ നിന്നു ഡല്‍ഹിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തില്‍ 139 യാത്രക്കാരായിരുന്നു പറന്നത്.

ഡല്‍ഹിയിലേക്ക് നേരത്തെ ജിദ്ദയില്‍ നിന്നും ബുധനാഴ്ച ഷെഡ്യൂള്‍ ചെയ്ത വിമാനത്തില്‍ വേണ്ടത്ര യാത്രക്കാരില്ലാത്തതിനാല്‍ ഏറ്റവുമധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്ത കോഴിക്കോട്ടേക്കാണ് ഈ വിമാനം സര്‍വീസ് നടത്തുക. മെയ് പതിനാലിന് ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കും ഒരു എയര്‍ ഇന്ത്യ വിമാനം ഉണ്ടായിരിക്കും. ഇതോടെ സൗദിയില്‍ നിന്നുമുള്ള ആദ്യഘട്ടം വന്ദേ ഭാരത് മിഷന്‍ സമാപിക്കും.

രണ്ടാം ഘട്ടം മേയ് 16 മുതല്‍ ആരംഭിക്കുമ്പോള്‍ റിയാദില്‍ നിന്നു കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും ദമ്മാമില്‍ നിന്നും സര്‍വ്വീസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മേയ് 22 വരെയുള്ള രണ്ടാം ഘട്ടത്തില്‍ 31 രാജ്യങ്ങളില്‍ നിന്നായി 149 വിമാന സര്‍വ്വീസുകള്‍ ഉണ്ടായിരിക്കും. സൗദിയില്‍ നിന്നും മൂന്ന് വിമാന സര്‍വ്വീസാണ് രണ്ടാം ഘട്ടത്തില്‍ ഉണ്ടാവുക.

ഇന്ന് ദമ്മാമില്‍ നിന്നും പോയ കൊച്ചി വിമാനത്തില്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന നിരവധി ഗര്‍ഭിണികളും രോഗികളുമാണ് നിരാശരായത്. അല്‍ ഹസ്സ, ദമ്മാം, ജുബൈല്‍, ഖതീഫ് തുടങ്ങിയ കിഴക്കന്‍ പ്രവിശ്യയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരിലും വീട്ടമ്മമാരിലും ഏഴ് മാസവും എട്ട് മാസവും പൂര്‍ത്തിയായ അനേകം ഗര്‍ഭിണികളുണ്ട്. പ്രസവത്തിനു ഇവിടെയുള്ള പ്രയാസങ്ങളാണ് അവര്‍ നാട്ടിലേക്ക് പോകാന്‍ തീരുമാനമെടുത്തത്. സാധാരണ ബന്ധുക്കളെയോ വീട്ടു ജോലിക്കാരെയോ സ്വന്തം മാതാവിനെയോ പ്രസവ സമയത്തെ പരിചരണങ്ങള്‍ക്കായി കൊണ്ട് വരാറാണ് പതിവ്. വിമാന സര്‍വ്വീസ് മുടങ്ങിയതോടെ അതിനു സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ഏറെ ആശങ്കയോടെയാണ് ഇവര്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഫോണ്‍ വിളി വരുന്നതും കാത്ത് കഴിയുന്നത്.

ചൊവ്വാഴ്ചയിലെ കൊച്ചി വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് അല്‍ ഹസ്സ കിംഗ് ഫഹദ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്ന ചങ്ങനാശ്ശേരിക്കാരി സൂസന്‍ ജോസഫിന് അവസാന നിമിഷമാണ് ടിക്കറ്റ് ലഭിച്ചത്. ഒന്‍പതാം മാസത്തേക്ക് കടന്ന ഗര്‍ഭിണിയായ സൂസന്‍ ഏറെ സന്തോഷത്തോടെ ഈ വിമാനത്തില്‍ കയറിയിരുന്നപ്പോഴും പറയാനുണ്ടായിരുന്നത് കൂടെ ജോലി ചെയ്യുന്ന തിരുവനന്തപുരത്തുകാരി ക്രിസ്റ്റീന തോമസിന്റെയും ആലപ്പുഴ സ്വദേശി ബ്രൈറ്റ് സേവ്യറിന്റെയും പത്തനംതിട്ടയില്‍ നിന്നുള്ള ജിന്‍സി തോമസിന്റെയും ലിമ മാത്യുവിന്റേയും എല്ലാം അവസ്ഥയായിരുന്നു. എല്ലാവരും എട്ടുമാസം കഴിഞ്ഞ ഗര്‍ഭിണികള്‍. അടുത്ത വിമാനത്തിലെങ്കിലും അവര്‍ക്ക് നാട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാവരും.

ഇവരെ കൂടാതെ 4 മാസം മുന്‍പ് മുതല്‍ ജോലി രാജി വെച്ച് നാട്ടില്‍ പോകാന്‍ നില്‍ക്കുന്നവരുമുണ്ട്. അനിശ്ചിതത്വം മാനസിക പ്രയാസത്തിലാക്കിയ ഇവരെല്ലാം ആശ്വസിപ്പിക്കാന്‍ പോലും ഒരു ബന്ധു ഇവിടെയില്ലാത്ത പ്രയാസങ്ങളിലാണ്.

Most Popular