Wednesday, July 28, 2021
Home Gulf Saudi Arabia ആശുപത്രിയില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോയി വളര്‍ത്തിയ 'ദമ്മാം കിഡ്‌നാപ്പര്‍'ക്ക് മൂന്ന് പതിറ്റാണ്ടിനു ശേഷം വധശിക്ഷ

ആശുപത്രിയില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോയി വളര്‍ത്തിയ ‘ദമ്മാം കിഡ്‌നാപ്പര്‍’ക്ക് മൂന്ന് പതിറ്റാണ്ടിനു ശേഷം വധശിക്ഷ

ദമ്മാം: ദമ്മാം കിഡ്‌നാപ്പര്‍ എന്ന പേരില്‍ വിശേഷിപ്പിക്കപ്പെട്ട സൗദി വനിതയ്ക്ക് ദമ്മാം കിഴക്കന്‍ പ്രവിശ്യാ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. 30 വര്‍ഷം മുമ്പ് ദമ്മാമില്‍ നിന്ന് നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയ കേസിലാണ് പ്രധാന പ്രതിയായ സ്ത്രീക്ക് വധശിക്ഷ വിധിച്ചത്. കേസില്‍ ഒരു യമന്‍ പൗരന് 25 വര്‍ഷം തടവും വിധിച്ചു.

1993 മുതല്‍ 99 വരെയുള്ള വര്‍ഷങ്ങളിലാണ് ദമ്മാമിലെ ആശുപത്രിയില്‍ നിന്ന് സൗദി വനിത മൂന്ന് ആണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് സ്വന്തം കുട്ടികളെപ്പോലെ ഇവരെ വളര്‍ത്തുകയായിരുന്നു. പോലിസ് അന്ന് പല രീതിയില്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. കുടുംബവും അയല്‍ക്കാരുമായും അധികം ബന്ധം പുലര്‍ത്താതെയാണ് സ്ത്രീ ജീവിച്ചിരുന്നത്.

ഇപ്പോള്‍ 30 വയസ്സോളം പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിനായി അപേക്ഷിച്ചപ്പോഴാണ് അധികൃതര്‍ക്ക് സംശയമുയര്‍ന്നത്. തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍, സാങ്കേതിക പരിശോധനകള്‍ നടത്തിയപ്പോള്‍ രണ്ടുപേര്‍ക്കും സ്ത്രീയുമായി ജീവശാസ്ത്രപരമായ ബന്ധമില്ലെന്ന് വ്യക്തമായി. തുടര്‍ന്നുള്ള വിശദ പരിശോധനയില്‍ പണ്ട് തങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ കേസ് പൊങ്ങിവരികയായിരുന്നു.

dammam kidnapper
ആശുപത്രിയിലെ സിസിടിവില്‍ പതിഞ്ഞ മറിയത്തിന്റെ ദൃശ്യം

മറിയം എന്ന പേരില്‍ ഇപ്പോള്‍ 50നോട് അടുത്ത വയസ്സുള്ള സ്ത്രീ 1993ലാണ ആദ്യത്തെ തട്ടിക്കൊണ്ടു പോകല്‍ നടത്തിയത്. ദമ്മാമിലെ അല്‍ ഖതീഫ് ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മുഹമ്മദ് അല്‍ ഖറാദിയെ നായിഫ് എന്ന് പേരിട്ടാണ് വളര്‍ത്തിയത്. തന്റെ ഇരട്ടക്കുട്ടികള്‍ ഗര്‍ഭത്തില്‍ അലസിപ്പോയതിന് ശേഷമാണ് ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ആരംഭിച്ചത്. വ്യാജ രേഖകളുണ്ടാക്കി നായിഫിനെ ഭര്‍ത്താവിന്റെ പേരില്‍ ഇവര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

1996ല്‍ ദമ്മാം ഹോസ്പിറ്റലില്‍ നിന്നാണ് മുഹമ്മദ് അല്‍ അമരിയെന്ന രണ്ടാമത്തെ കുട്ടിയെ തട്ടിയെടുത്തത്. എന്നാല്‍, ഈ കുട്ടിയെ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഭര്‍ത്താവ് സമ്മതിച്ചില്ല. തുടര്‍ന്ന് ഇയാളെ വിവാഹമോചനം ചെയ്ത മറിയം വീണ്ടും വിവാഹം ചെയ്തു.

മൂന്ന് വര്‍ഷത്തിന ശേഷം 1999ല്‍ മൂസ ഖനീസി എന്ന മൂന്നാമത്തെ കുട്ടിയെയും തട്ടിയെടുത്ത് അനസ് എന്ന പേരില്‍ വളര്‍ത്തി. 2002ല്‍ വീണ്ടും ഒരു കുട്ടിയെ കൂടി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടതോടെ പിന്നീട് പരിപാടി നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മറിയം കോടതിയില്‍ കുറ്റസമ്മതം നടത്തി.

 

Death for ‘Dammam kidnapper’

Most Popular