Thursday, August 5, 2021
Home Newsfeed സൗദിയില്‍ മലയാളിയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സൗദിയില്‍ മലയാളിയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. പ്രമുഖ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത ചാത്രത്തൊടി സ്വദേശി കോഴിത്തൊടി വെള്ളത്തൊട്ടി അമീറലിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

കമ്പനിയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമം ചെറുക്കുന്നതിനിടെയാണ് അമീറലി കൊല്ലപ്പെട്ടത്. അമീറലിയുടെ പക്കലുള്ള പണം കവര്‍ച്ച ചെയ്ത പ്രതി മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. എന്നാല്‍ കൊലപാതക വിവരം പുറത്തുവന്ന ഉടന്‍ സുരക്ഷാവിഭാഗം നടത്തിയ അന്വേഷണത്തില്‍ അധികം വൈകാതെ പ്രതി പിടിയിലായി. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ പ്രതിയെ പോലീസ് ജിദ്ദ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.

കൊലപാതകം തെളിഞ്ഞതോടെ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും സുപ്രീം ജുഡീഷ്യല്‍ കോര്‍ട്ടും കീഴ്ക്കോടതി വിധി ശരിവച്ചതോടെയാണ് പ്രതിയുടെ ശിക്ഷ നടപ്പാക്കിയതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ALSO WATCH

Most Popular