റിയാദ്: സൗദി അറേബ്യയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഡിജിറ്റല്‍ പേയ്മെന്റ് നിര്‍ബന്ധമാക്കി. ചൊവാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. വാണിജ്യ വകുപ്പ്, മുനിസിപ്പാലിറ്റി, സൗദി മോണിറ്ററി ഏജന്‍സി എന്നിവയുമായി സഹകരിച്ചാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് ഡിജിറ്റല്‍ പേയ്മെന്റ് ആദ്യഘട്ടം ആരംഭിച്ചത്. പെട്രോള്‍ പമ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായിരുന്നു ആദ്യം. രണ്ടാംഘട്ടത്തില്‍ വര്‍ക്ക്ഷാപ്പ്, സ്പെയര്‍ പാര്‍ട്സ് കടകളും മൂന്നാംഘട്ടത്തില്‍ ലോണ്ട്രികളും ബാര്‍ബര്‍ ഷോപ്പുകളും നാലാംഘട്ടത്തില്‍ ബഖാലകളുമാണ് ഉള്‍പ്പെട്ടത്. അഞ്ചാംഘട്ടം നടപ്പാക്കിയത് റെസ്റ്റോറന്റുകള്‍, ഫാസ്റ്റ് ഫുഡ്, സീ ഫുഡ്, കഫേകള്‍, ബൂഫിയകള്‍, ഫുഡ്ട്രക്കുകള്‍, ജൂസ്, ഐസ്ക്രീം കടകള്‍ എന്നിവിടങ്ങളിലാണ്. രാജ്യത്തെ മുഴുവന്‍ റിട്ടെയില്‍ മേഖലയിലും ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കുന്ന ആറാം ഘട്ടമാണ് ചൊവാഴ്ച മുതല്‍ ആരംഭിച്ചത്.