Saturday, June 19, 2021
Home Gulf തൊഴില്‍, വിസാ നിയമ ലംഘനങ്ങള്‍; മലയാളികളടക്കം 268 ഇന്ത്യക്കാരെ കൂടി നാടുകടത്തി

തൊഴില്‍, വിസാ നിയമ ലംഘനങ്ങള്‍; മലയാളികളടക്കം 268 ഇന്ത്യക്കാരെ കൂടി നാടുകടത്തി

റിയാദ്: തൊഴില്‍, വിസാ നിയമ ലംഘനങ്ങളില്‍ റിയാദില്‍ തടവിലായിരുന്ന 13 മലയാളികളടം 268 ഇന്ത്യാക്കാരെ കൂടി നാട്ടിലേക്ക് തിരിച്ചയച്ചു. ബുധനാഴ്ച രാവിലെ 10ന് റിയാദില്‍ നിന്ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഇവരെ ഡല്‍ഹിയിലേക്കാണ് കൊണ്ടുപോയത്.

13 മലയാളികളും 17 തമിഴ്നാട്ടുകാരും 18 ആന്ധ്ര, തെലങ്കാന സ്വദേശികളും 17 ബിഹാറികളും 114 ഉത്തര്‍പ്രദേശുകാരും 50 പശ്ചിമബംഗാള്‍ സ്വദേശികളും ഒമ്പത് രാജസ്ഥാനികളുമാണ് സംഘത്തിലുള്ളത്.

ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴില്‍ നിയമലംഘനം എന്നീ കുറ്റങ്ങള്‍ക്കാണ് ഇവര്‍ പിടിയിലായത്. ഇതില്‍ 53 പേരെ ദമ്മാമില്‍ നിന്ന് റിയാദിലെത്തിച്ചതാണ്. അതേസമയം, റിയാദിലെ തര്‍ഹീലില്‍ ഇനി അവശേഷിക്കുന്നവരില്‍ മലയാളികളടക്കം വിവിധ സംസ്ഥാനക്കാരുണ്ട്.

നിയമലംഘകരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനാവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നത് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാര്‍, യൂസുഫ് കാക്കഞ്ചേരി, അബ്ദുല്‍ സമദ്, തുഷാര്‍ എന്നിവരാണ്.

ഇതുവരെ സൗദിയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യന്‍ തടവുകാരുടെ എണ്ണം ഇതോടെ 3239 ആയി. കൊവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ രാജ്യത്ത് നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ അധികൃതര്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ദിനംപ്രതി നിരവധി പ്രവാസികളാണ് പിടിയിലാകുന്നത്.

രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ പിടിയിലാകുന്നവരെ ഒടുവില്‍ നാട്ടിലേക്ക് കയറ്റിവിടാന്‍ റിയാദിലും ജിദ്ദയിലുമുള്ള തര്‍ഹീലുകളിലാണ് എത്തിക്കുന്നത്. തടവുകാരുമായി 11-ാംമത്തെ സൗദി എയര്‍ലൈന്‍സ് വിമാനമാണ് ബുധനാഴ്ച ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.

Most Popular