സൗദിയിൽ ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങൾക്ക് പ്രത്യേക ബാങ്ക് സ്ഥാപിക്കുന്നു

റിയാദ്: രാജ്യത്ത് ചെറുകിട, ഇടത്തരം വ്യാണിജ്യ സംരംഭങ്ങള്‍ക്കായി പ്രത്യേക ബാങ്ക് സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വേണ്ടിയുള്ള ജനറല്‍ അതോറിറ്റിയായ ‘മന്‍ശആത്തി’ന് കീഴിലുള്ള ബാങ്ക് ദേശീയ വികസന ഫണ്ടിന് കീഴിലെ ബാങ്കുകളിലൊന്നായാണ് പ്രവര്‍ത്തിക്കുക. ചൊവ്വാഴ്ച രാത്രി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവിലെ സ്ഥിതിഗതികള്‍ വിശലനം ചെയ്തു ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനും ധനകാര്യ വിടവുകള്‍ തിരിച്ചറിയുന്നതിലും മികച്ച രീതികള്‍ കണ്ടെത്താന്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ബാങ്ക് സ്ഥാപിതമാകുന്നത്. ബാങ്കിന്റെ ശാഖകള്‍ സ്ഥാപിക്കാതെ തന്നെ എല്ലാ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ നല്‍കുന്നതിന് ആലോചിക്കുന്നു. അന്താരാഷ്ട്ര, പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് ആഗോളതലത്തിലെ മികച്ച രീതികള്‍ നടപ്പാക്കാനും ഉദ്ദേശിക്കുന്നുണ്ട്.

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഉചിതമായ ധനസഹായം ലഭ്യമാക്കുക, സ്ഥാപനങ്ങള്‍ക്ക് സ്ഥിരതയും വളര്‍ച്ചയും കൈവരിക്കാന്‍ പിന്തുണ നല്‍കുക എന്നിവയാണ് ബാങ്കിലൂടെ ലക്ഷ്യമിടുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ദേശീയ പദ്ധതിക്ക് അനുസൃതമായാണ് ബാങ്കിന്റെ സമാരംഭം. നൂതനമായ ധനസഹായ പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ധനകാര്യ സ്ഥാപനങ്ങളുടെ സംഭാവന വര്‍ധിപ്പിക്കുക, സുപ്രധാനവും പ്രധാനപ്പെട്ടതുമായ മേഖലക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കുക, സൗദി അറേബ്യയിലെ സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാന സ്തംഭവും വിഷന്‍ 2030ന്റെ പ്രധാന സഹായിയും ആയിരിക്കുക എന്നിവയും ബാങ്കിലൂടെ ലക്ഷ്യമിടുന്നുണ്ട്.