Thursday, August 5, 2021
Home Newsfeed സൗദി പൗരനെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളി; ഹൗസ് ഡ്രൈവര്‍ അറസ്റ്റില്‍

സൗദി പൗരനെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളി; ഹൗസ് ഡ്രൈവര്‍ അറസ്റ്റില്‍

റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ച ഹൗസ് ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. കുടുംബാംഗങ്ങള്‍ പുറത്തുപോയ സമയത്താണ് തൊഴിലുടമയെ ഹൗസ് ഡ്രൈവര്‍ കൊലപ്പെടുത്തിയത്. ഭാര്യയും മക്കളും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സൗദി പൗരനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് മക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.

ഇതേ തുടര്‍ന്ന് ഡ്രൈവറോട് വിവരമന്വേഷിച്ചെങ്കിലും തനിക്കൊന്നുമറിയില്ലെന്നായിരുന്നു മറുപടി. പോലിസ് എത്തി
വീട്ടീലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് തൊഴിലുടമ കാറില്‍ വീട്ടില്‍ തിരിച്ചെത്തിയതായി വ്യക്തമായി. എന്നാല്‍ കാറില്‍ നിന്ന് അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല. പിന്നീട് കാറുമായി ഡ്രൈവര്‍ പുറത്തുപോവുകയും അല്‍പ സമയത്തിനു ശേഷം നടന്ന് വീട്ടിലെത്തുകയും ചെയ്തതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. തുടര്‍ന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്.

സ്‌പോണ്‍സറുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുവെന്ന് ഡ്രൈവര്‍ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് മൃതദേഹം വീട്ടിലെ ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ തള്ളി. സ്പോണ്‍സറുടെ കാര്‍ വീട്ടില്‍ നിന്ന് ദൂരെ കൊണ്ടുപോയി പാര്‍ക്ക് ചെയ്ത് മൊബൈല്‍ ഫോണും മറ്റു വസ്തുക്കളും കാറില്‍ ഉപേക്ഷിച്ച് അത്താഴം കഴിക്കാന്‍ താന്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നും ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ വെളിപ്പെടുത്തി.

എട്ടു വര്‍ഷമായി വീട്ടില്‍ ജോലി ചെയ്തുവരുന്ന ഡ്രൈവറാണ് കൃത്യം നടത്തിയതെന്ന് സൗദി പൗരന്റെ ഭാര്യ നൂറ അല്‍ശുബുല്‍ പറഞ്ഞു.
ALSO WATCH

Most Popular