Sunday, September 19, 2021
Home News International സപ്തംബര്‍ 11 ആക്രമണം; സൗദിയുടെ പങ്ക് വിശദമാക്കുന്ന എഫ്ബിഐ റിപോര്‍ട്ട് പുറത്തുവിടണമെന്ന് കുടുംബാംഗങ്ങള്‍

സപ്തംബര്‍ 11 ആക്രമണം; സൗദിയുടെ പങ്ക് വിശദമാക്കുന്ന എഫ്ബിഐ റിപോര്‍ട്ട് പുറത്തുവിടണമെന്ന് കുടുംബാംഗങ്ങള്‍

വാഷിങ്ടണ്‍: സപ്തംബര്‍ 11 ആക്രമണത്തിലെ സൗദി സര്‍ക്കാരിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്ന എഫ്ബിഐ റിപോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന പ്രതീക്ഷയില്‍ ഇരകളുടെ കുടുംബങ്ങള്‍. അമേരിക്കയില്‍ സപ്തംബര്‍ 11ന് നടന്ന ആക്രമണത്തില്‍ സൗദിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇരകളില്‍ ചിലരുടെ കുടുംബങ്ങള്‍ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയെ സമീപിച്ചിരുന്നു.

സപ്തംബര്‍ 11ന് വിമാനം തട്ടിക്കൊണ്ടു പോയ സംഘത്തില്‍പ്പെട്ട രണ്ട് സൗദി പൗരന്മാരായ ഖാലിദ് അല്‍ മിഹ്ദര്‍, നവാഫ് അല്‍ ഹസ്മി എന്നിവരുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ച് 16 പേജ് വരുന്ന റിപോര്‍ട്ട് എഫ്ബിഐ തയ്യാറാക്കിയിരുന്നു.

2000 ജനുവരിയിലാണ് അല്‍ഖാഇദ പ്രവര്‍ത്തകര്‍ എന്നാരോപിക്കപ്പെടുന്ന ഇവര്‍ രണ്ടുപേരും കാലഫോണിയയില്‍ എത്തിയത്. ഇവര്‍ക്ക് അമേരിക്കയിലുള്ള മറ്റു ചില സൗദി പൗരന്മാര്‍ സഹായം നല്‍കിയിരുന്നു. അല്‍ മിഹ്ദറിനെയും അല്‍ ഹസ്മിയെയും ആരാണ് സഹായിച്ചത് എന്ന് എഫിബിഐ അന്വേഷണ റിപോര്‍ട്ട് വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇരകളുടെ അഭിഭാഷകന്‍ പറഞ്ഞു.

എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് സര്‍ക്കാരിന് എത്രത്തോളം ധാരണയുണ്ട് എന്നറിയില്ല. എന്നാല്‍, സൗദി സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഉന്നത തലത്തിലുള്ളതോ മധ്യ തലത്തിലുള്ളതോ ആയ സൗദി ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നത് വ്യക്തമാണ്- സപ്തംബര്‍ 11 ഇരകളുടെ കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമ കമ്പനിയായ ക്രെയിന്റ്‌ലര്‍ എല്‍എല്‍പിയിലെ അഭിഭാഷകന്‍ ഡ്യൂക്ക് മലോണി പറഞ്ഞു.

അത്രയൊന്നും ഇംഗ്ലീഷ് വശമില്ലാത്തവരും സ്വതന്ത്രമായി വിഭവങ്ങള്‍ ഇല്ലാത്തവരുമായ അല്‍ മിഹ്ദറും അല്‍ ഹസ്മിയും അമേരിക്കയില്‍ എത്തിയ സമയത്ത് ലോസാഞ്ചലസിലും സാന്‍ഡിയാഗോയിലും എങ്ങിനെ സ്വാധീനമുറപ്പിച്ചു എന്ന കാര്യമാണ് പ്രധാനമായും എഫ്ബിഐ പരിശോധിച്ചത്.

ഇക്കാര്യത്തില്‍ സൗദി സര്‍ക്കാരുമായി ബന്ധമുള്ള രഹസ്യ സംഘം അല്‍ ഖാഇദ പ്രവര്‍ത്തകരെ സഹായിച്ചിട്ടുണ്ട് എന്നാണ് ഇരകളുടെ അഭിഭാഷകര്‍ പറയുന്നത്. ഇരകളുടെ കുടംബത്തിന് സാമ്പത്തിക നഷ്ടപരിഹാരം ലഭ്യമാക്കുക എന്നതാണ് നിയമ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

Most Popular