Friday, June 25, 2021
Home Gulf Saudi Arabia ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ഭീതി: മക്കയിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി

ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ഭീതി: മക്കയിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി

ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ഭീതി തുടരുന്ന സാഹചര്യത്തില്‍ മക്കയിലെ ഹറമിലും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. പുതിയ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ അണുമുക്തമാക്കുന്ന പ്രക്രിയ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസം മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവ് താല്‍കാലികമായി നിര്‍ത്തിവെച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. ജനിതക മാറ്റം സംഭവിച്ച കോവിഡിനെതിരായ മുന്‍കരുതലായി അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരും.

ഉംറക്ക് വരാന്‍ നിശ്ചയിച്ചിരുന്നവര്‍ക്ക് വിമാന സര്‍വിസ് പുനരാരംഭിച്ച ശേഷം വരാനാകുമെന്നും അതിനുള്ള നടപടികള്‍ ഉംറ ഏജന്‍സികളുടെ സഹകരണത്തോടെ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ വിദേശത്തുനിന്നെത്തിയ 300ഓളം ഉംറ തീര്‍ഥാടകര്‍ മക്കയിലുണ്ട്. ഇവര്‍ക്ക് ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം എല്ലാവിധ പരിചരണവും ഉംറ ഏജന്‍സികള്‍ക്ക് നല്‍കിവരുന്നുണ്ട്. വിമാനം റദ്ദാക്കിയത് കാരണം കുടുങ്ങിയ വിദേശികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കമ്പനികള്‍ ഒരുക്കിയിട്ടുണ്ട്. ലോക്ഡൗണിന് ശേഷം തുറന്ന ഹറമില്‍ നാല്‍പ്പത്തഞ്ച് ലക്ഷം പേരാണ് ഉംറ നിര്‍വഹിച്ചത്.

Most Popular