Wednesday, September 22, 2021
Home Gulf Saudi Arabia സൗദിയില്‍ നിന്ന് ആദ്യവിമാനം വെള്ളിയാഴ്ച കോഴിക്കോട്ടേക്ക്; യാത്ര കാത്തിരിക്കുന്നത് 60,000ഓളം പേര്‍

സൗദിയില്‍ നിന്ന് ആദ്യവിമാനം വെള്ളിയാഴ്ച കോഴിക്കോട്ടേക്ക്; യാത്ര കാത്തിരിക്കുന്നത് 60,000ഓളം പേര്‍

റിയാദ്: വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി പ്രഖ്യാപിച്ചിരിക്കുന്ന ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസുകള്‍ വ്യാഴാഴ്ച ആരംഭിക്കുമെങ്കിലും സൗദിയില്‍ നിന്നുള്ള ആദ്യ വിമാനം വെള്ളിയാഴ്ച റിയാദില്‍ നിന്നു കോഴിക്കോട് വിമാനത്താവളത്തിലേക്ക്. വ്യാഴാഴ്ച തീരുമാനിച്ചിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് സാങ്കേതിക കാരണങ്ങളാല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്.

153 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനം വെള്ളിയാഴ്ച ഉച്ചക്ക് 12.45 ന് റിയാദില്‍ നിന്നു പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ അംബാസ്സഡര്‍ ഡോ. ഔസാഫ് സയ്യിദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് ആദ്യപടിയായി അഞ്ച് യാത്രാവിമാനങ്ങളാണ് എയര്‍ ഇന്ത്യ ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്.
റിയാദില്‍ നിന്നും ഡല്‍ഹിയിലേക്കും ദമ്മാമില്‍ നിന്നും കൊച്ചിയിലേക്കും ജിദ്ദയില്‍ നിന്നും ഡല്‍ഹിയിലേക്കും ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുമാണ് മറ്റ് ദിവസങ്ങളിലെ വിമാനങ്ങള്‍. 1,400 മുതല്‍ 1500 വരെ സൗദി റിയാലാണ് കേരളത്തിലേക്കുള്ള യാത്രാ നിരക്കുകള്‍.

ഇന്ത്യന്‍ എംബസിയില്‍ നാട്ടിലേക്ക് പോകാനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 60,000 ആണെന്നും ഇതില്‍ ഭൂരിഭാഗവും കേരളത്തിലേക്കുള്ള യാത്രക്കാരാണെന്നും അംബാസഡര്‍ അറിയിച്ചു. ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഏറ്റവും നല്ല സൗകര്യം എത്രയും പെട്ടെന്ന് സജ്ജീകരിച്ചിരിക്കുന്നത് കേരള സംസ്ഥാനമാണെന്നും അതു കൊണ്ടാണ് ആദ്യ 5 വിമാനങ്ങളില്‍ 3 എണ്ണവും കേരളത്തിലെ എയര്‍പോര്‍ട്ടുകളിലേക്ക് ആയതെന്നും ഡോ.ഔസാഫ് പറഞ്ഞു. അടുത്ത ഘട്ടങ്ങളില്‍ മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിച്ച് ഇതുവരെയായി സൗദിയില്‍ 21 ഇന്ത്യക്കാരാണ് മരണപ്പെട്ടത്. ഇതില്‍ 6 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സൗദിയില്‍ സംസ്‌കരിക്കും. സാധാരണ മരണം സംഭവിച്ചവരുടെ മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ നാട്ടിലയക്കാനുള്ള സജ്ജീകരണങ്ങളും നടന്നു കൊണ്ടിരിക്കുന്നതായി അംബാസഡര്‍ പറഞ്ഞു.

സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ സിസ്റ്റത്തില്‍ നാട്ടില്‍ പോകുന്നതിനായി രജിസ്റ്റര്‍ ചെയ്തവരുടെ യാത്രക്കുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അംബാസഡര്‍ അറിയിച്ചു. രോഗലക്ഷണങ്ങളുള്ള ഇന്ത്യക്കാരുടെ വൈദ്യ പരിശോധനകള്‍ക്കും ഭക്ഷണ സാധനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കാനുമുള്ള നടപടികള്‍ എംബസിയുടെ സാമൂഹ്യക്ഷേമ വിഭാഗം സ്വീകരിച്ചു വരുന്നു. ഇത്തരം സേവനങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണെന്നും ഡോ. ഔസാഫ് സയ്യിദ് പറഞ്ഞു.

Most Popular