Thursday, June 17, 2021
Home Gulf Saudi Arabia അക്കൗണ്ട് ഉടമകളെ കബളിപ്പിച്ച് 17 ലക്ഷം റിയാല്‍ കവര്‍ന്നു; സൗദിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

അക്കൗണ്ട് ഉടമകളെ കബളിപ്പിച്ച് 17 ലക്ഷം റിയാല്‍ കവര്‍ന്നു; സൗദിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

റിയാദ്: ബാങ്ക് അക്കൗണ്ടില്‍ നിന്ന് 17 ദശലക്ഷം റിയാല്‍ കവര്‍ന്ന അഞ്ചുപേര്‍ റിയാദ് പോലിസിന്റെ പിടിയില്‍. സൗദി പൗരന്മാരും വിദേശികളുമാണ് പ്രതികള്‍. അക്കൗണ്ട് ഉടമകളെ കബളിപ്പിച്ചാണ് പണം കവര്‍ന്നതെന്നും 20നും 30നുമിടയില്‍ പ്രായമുള്ള സൗദി, സിറിയന്‍ പൗരന്മാരാണ് പിടിയിലായതെന്നും റിയാദ് റീജ്യന്‍ പോലിസ് വക്താവ് ഖാലിദ് അല്‍ഖുറൈദിസ് അറിയിച്ചു.

അഭിഭാഷകരെന്ന നാട്യത്തിലാണ് പ്രതികള്‍ അക്കൗണ്ടുടമകളെ സമീപിച്ചത്. ഫോറിന്‍ എക്സ്ചേഞ്ച് കമ്പനികള്‍ വഴി വിദേശത്തേക്ക് അയക്കാന്‍ ശ്രമിച്ച് നിയമപ്രശ്നത്തിലായ പണം വീണ്ടെടുത്ത് നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് അവകാശപ്പെട്ട് ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്തിരുന്നു. ഈ രീതിയില്‍ നിരവധി പേരെ ഇവര്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് അവരുടെ ബാങ്കിങ് രഹസ്യവിവരങ്ങളടക്കം ശേഖരിച്ച് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു.

പല അക്കൗണ്ടുകളില്‍ നിന്നായി 17 ദശലക്ഷം റിയാലാണ് സംഘം തട്ടിയെടുത്തത്. പ്രതികളായ സൗദി പൗരന്മാരുടെ ഉടമസ്ഥതിയിലുള്ള വാണിജ്യ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ഈ പണം കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് സിറിയക്കാരുടെ രാജ്യത്തിന് പുറത്തുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തായിരുന്നു തട്ടിപ്പ്. പ്രതികളെ അനന്തര നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


 

Most Popular