പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ; ആശയവിനിമയ സേവനങ്ങള്‍ വ്യാപിപ്പിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നായി സൗദി

ജിദ്ദ: രാജ്യത്തുടനീളം പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഒരുക്കാനുള്ള പദ്ധതി സൗദി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമീഷന്‍ ആരംഭിച്ചു. ടെലികമ്യൂണിക്കേഷന്‍ രംഗത്തെ സേവനദാതാക്കളുമായി സഹകരിച്ച് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാന്‍ ആരംഭിച്ചതായും പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ പോയിന്റുകള്‍ 60,000 ആയി ഉയര്‍ത്തുമെന്നും കമീഷന്‍ വ്യക്തമാക്കി. അതേസമയം ആശയവിനിമയ സേവനങ്ങള്‍ വ്യാപിപ്പിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.

സൗജന്യ നെറ്റ്‌വര്‍ക്ക് പേര് ഏകീകരിക്കുകയും ഉപയോക്താക്കള്‍ക്ക് പ്രവേശിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയും ചെയ്യും. കമ്പനിയുടെ വെബ്‌സൈറ്റിലോ ആപ്ലിക്കേഷനിലോ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയുന്ന തരത്തില്‍ എല്ലാ പ്രദേശങ്ങളിലേയും സൗജന്യ ആക്‌സസ് പോയിന്റുകള്‍ കാണിക്കുന്ന കവറേജ് മാപ്പുകള്‍ ലഭ്യമാക്കും. അതോടൊപ്പം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഡിജിറ്റല്‍ സമൂഹമായി പരിവര്‍ത്തനം സാധ്യമാക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ സേവനദാതാക്കള്‍ക്ക് അധിക സൗജന്യ വൈഫൈ പോയിന്റുകള്‍ ലഭ്യമാക്കും.

ഓരോ സേവന ദാതാവിനും ധാരാളം ഗുണഭോക്താക്കള്‍ക്കും നിരവധി പൊതുസ്ഥലങ്ങളിലെ സന്ദര്‍ശകര്‍ക്കും പ്രതിദിനം രണ്ട് മണിക്കൂര്‍ വരെ വൈഫൈ സൗജന്യമായി നല്‍കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ആശയ വിനിമയ, വിവര സാങ്കേതിക സേവനങ്ങള്‍ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാണ് പുതിയ പദ്ധതിയെന്ന് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമീഷന്‍ ഗവര്‍ണര്‍ ഡോ. മുഹമ്മദ് ബിന്‍ സഊദ് അല്‍തമീമി പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിലുടെ ജീവിതനിലവാരം ഉയര്‍ത്താനും കഴിയും. ആശുപത്രികള്‍, ഇരു ഹറമുകള്‍, പുണ്യസ്ഥലങ്ങള്‍, മാളുകള്‍, പൊതുപാര്‍ക്കുകള്‍ എന്നിവ സൗജന്യ വൈഫൈ നല്‍കുന്ന പദ്ധതിയിലുള്‍പ്പെടും.സാമ്പത്തിക പരിവര്‍ത്തനം സാധ്യമാക്കാനും വിഷന്‍ 2030ന്റെ ലക്ഷ്യം കൈവരിക്കാനും പ്രധാന സ്തംഭങ്ങളിലൊന്നാകാന്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് കഴിഞ്ഞതായും ഗവര്‍ണര്‍ പറഞ്ഞു.