Sunday, May 16, 2021
Home Gulf Saudi Arabia പിപിഇ കിറ്റ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനേക്കാള്‍ ഫലപ്രദം

പിപിഇ കിറ്റ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനേക്കാള്‍ ഫലപ്രദം

റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി സര്‍ക്കാര്‍ വാശിപിടിക്കുമ്പോള്‍ അതിനേക്കാള്‍ ഫലപ്രദമാണ് പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ്(പിപിഇ) കിറ്റുകളെന്ന് വിദഗ്ധര്‍ പറയുന്നു. ജൂണ്‍ 14ന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍അറേബ്യ വിമാനത്തില്‍ കേരളത്തിലെത്തിയ 162 യാത്രക്കാരും പിപിഇ കിറ്റ് ധരിച്ചിരുന്നു. പല ഗള്‍ഫ് രാജ്യങ്ങളും റാപിഡ് ആന്റി ബോഡി ടെസ്റ്റിന് അനുമതി നല്‍കാത്തതിനാല്‍ ആയിരക്കണക്കിന് പ്രവാസികളുടെ യാത്രയാണ് മുടങ്ങുന്നത്.

പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതില്‍ പിപിഇ കിറ്റ് വളര ഫലപ്രദമാണെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഡോക്ടേഴ്‌സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് നാഷനല്‍ കോഓഡിനേറ്റര്‍ ഡോ. കുര്യന്‍ ഉമ്മന്‍ പറഞ്ഞു. ചില രാജ്യങ്ങളില്‍ കോവിഡ് ടെസ്റ്റിന് വലിയ തുകയാണ് ഈടാക്കുന്നതെന്നും അതുകൊണ്ട് തന്നെ പിപിഇ കിറ്റ് ധരിച്ച് വരുന്നതിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ടെസ്റ്റിനേക്കാള്‍ വളരെ ചെലവ് കുറവാണ് പിപിഇ കിറ്റിന്. 35 മുതല്‍ 50 ദിര്‍ഹം വരെയാണ് യുഎഇയില്‍ ഇതിന്റെ വില. പിപിഇ കിറ്റ് ധരിച്ച് യാത്ര ചെയ്യുമ്പോഴുള്ള ചൂട് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിലും എസി കാബിനില്‍ അത് വലിയ പ്രശ്‌നമല്ലെന്ന് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാര്‍ എട്ട് മണിക്കൂര്‍ നേരമാണ് പിപിഇ കിറ്റ് ധരിച്ചത്. അത് യാത്രക്കാര്‍ക്ക് വലിയ പ്രയാസമൊന്നും സൃഷ്ടിച്ചില്ലെന്ന് യാത്രക്കാരില്‍ ഒരാളായ രഘുകുമാര്‍ പറഞ്ഞു.

സൗദിയില്‍ നിന്നു കേരളത്തിലേക്ക് പിപിഇ കിറ്റുകള്‍ ധരിച്ച് യാത്രക്ക് അനുവദിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. കൃത്യത കുറവുള്ള റാപ്പിഡ് ടെസ്റ്റിനേക്കാള്‍ ഇത് ഫലം ചെയ്യുമെന്നും ആരോഗ്യ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. നൂറ് റിയാലിന് താഴെയാണ് സൗദിയില്‍ പിപിഇ കിറ്റിനുള്ള വില.


 

Most Popular