Monday, June 14, 2021
Home Newsfeed സൗദിയില്‍ മുസ്ലിമെന്ന് തെറ്റിദ്ധരിച്ച് ഹിന്ദു യുവാവിന്റെ മൃതദേഹം ഖബറടക്കി; ഭാര്യയുടെ പരാതിയില്‍ ഇടപെട്ട് ഡല്‍ഹി ഹൈക്കോടതി

സൗദിയില്‍ മുസ്ലിമെന്ന് തെറ്റിദ്ധരിച്ച് ഹിന്ദു യുവാവിന്റെ മൃതദേഹം ഖബറടക്കി; ഭാര്യയുടെ പരാതിയില്‍ ഇടപെട്ട് ഡല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി: സൗദി അറേബ്യയില്‍ മുസ്ലിമെന്ന് തെറ്റിദ്ധരിച്ച് ഹിന്ദു യുവാവിനെ ഖബറടക്കിയ സംഭവം കോടതിയില്‍. ഭാര്യയുടെ പരാതിയില്‍ വാദം കേട്ട ഡല്‍ഹി ഹൈക്കോടതി സംഭവത്തില്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടു.
ഭര്‍ത്താവിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ ഇന്ത്യയിലെത്തിച്ച് ആചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിധവ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. നടപടികള്‍ സംബന്ധിച്ച റിപോര്‍ട്ടുമായി മാര്‍ച്ച് 18ന് വ്യാഴാഴ്ച നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്. മന്ത്രാലയം പത്തുദിവസം സമയം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് ജനുവരി 24 നാണ് സഞ്ജീവ് കുമാര്‍ എന്നയാള്‍ മരിച്ചത്. ഹൃദാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 23 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം ജിസാനിലെ ബീശ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. മരണ വിവരമറിഞ്ഞ ബന്ധുക്കള്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്ന് ഹരജിയില്‍ വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സമ്മത പത്രം നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജനുവരി 28ന് തന്നെ പവര്‍ ഓഫ് അറ്റോണി നല്‍കി. എന്നാല്‍, മൃതദേഹം സൗദിയില്‍ മറവു ചെയ്തുവെന്ന വിവരമാണ് ഫെബ്രുവരി 28ന് ലഭിച്ചത്.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഔദ്യോഗിക ട്രാന്‍സ്ലേറ്റര്‍ക്ക് സംഭവിച്ച അബദ്ധമാണ് ഇതിനു കാരണമെന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചതായും ഹരജിയില്‍ പറയുന്നു. മരണ സര്‍ട്ടിഫിക്കറ്റില്‍ മതം എഴുതുന്നിടത്ത് ഹിന്ദു എന്നതിനു പകരം മുസ്ലിം എന്നു ചേര്‍ക്കുകയായിരുന്നു. അബദ്ധം സംഭവിച്ചതിന് ട്രാന്‍സ്ലേറ്റിങ് ഏജന്‍സി ക്ഷമാപണക്കത്ത് അയക്കുകയും ചെയ്തിരുന്നു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സൗദി അധികൃതരെ കാര്യം ബോധ്യപ്പെടുത്തി മൃതദേഹാവശിഷ്ടങ്ങള്‍ ഇന്ത്യയിലെത്തിച്ച് മതാചാരപ്രകാരം സംസ്‌കരിക്കുന്നതിന് സൗകര്യം ഒരുക്കണമെന്നാണ് ഭാര്യ നല്‍കിയ ഹരജിയിലെ ആവശ്യം.

Most Popular