Thursday, September 23, 2021
Home Gulf Saudi Arabia സൗദിയില്‍ രോഗബാധിതര്‍ അര ലക്ഷത്തോടടുക്കുന്നു; മരണം 292

സൗദിയില്‍ രോഗബാധിതര്‍ അര ലക്ഷത്തോടടുക്കുന്നു; മരണം 292

ഷക്കീബ് കൊളക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 49,176 ആയി. വെള്ളിയാഴ്ച 2307 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 9 പേര്‍ കൂടി മരണപ്പെട്ടു. മക്കയില്‍ നാല് പേരും ജിദ്ദയില്‍ 3 പേരും റിയാദിലും ദമ്മാമിലും ഓരോരുത്തരും മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ച മരണപ്പെട്ടവരില്‍ 8 പേര്‍ വിദേശികളും ഒരാള്‍ സൗദി പൗരനുമാണ്. 43 നും 70 നും ഇടയില്‍ പ്രായമുള്ള ഇവരെല്ലാം വിവിധ രോഗങ്ങള്‍ കൂടിയുള്ളവരായിരുന്നു എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2,818 പേര്‍ വെള്ളിയാഴ്ച രോഗമുക്തരായി. 17,622 പേര്‍ മൊത്തം രാജ്യത്ത് രോഗത്തിന്റെ പിടിയില്‍ നിന്നു മോചനം നേടിയതോടെ ഇപ്പോള്‍ ചികിത്സയിലുള്ളത് 27,015 പേരാണ്. ഇതില്‍ 167 പേരുടെ നില ഗുരുതരമാണ്. പുതിയ രോഗികളുടെ വിവിധ പ്രദേശങ്ങളിലെ കണക്കുകള്‍ ഇപ്രകാരമാണ്. ജിദ്ദ 444, മക്ക 443, റിയാദ് 419, മദീന 152, ദമ്മാം 148, ഹൊഫൂഫ് 128, ദരിയ്യ 66, തബൂക് 62, ജുബൈല്‍ 56, തായിഫ് 41, ദഹ്‌റാന്‍ 40, യാമ്പു 40, ബുറൈദ 33, അല്‍ഖോബാര്‍ 30, അബ്ഖൈഖ് 25, ബേഷ് 25, ഖമീസ് മുഷായത് 18, ഖതീഫ് 13.

വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സൗദി അറേബ്യയില്‍ നിന്നുള്ള അഞ്ച് വിമാന സര്‍വ്വീസുകളില്‍ അവസാനത്തെ എയര്‍ ഇന്ത്യ വിമാനം വ്യാഴാഴ്ച ജിദ്ദയില്‍ നിന്നു കൊച്ചിയിലേക്ക് പറന്നു. 147 മുതിര്‍ന്നവരും 3 കുട്ടികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടാം ഘട്ടത്തില്‍ സൗദിയില്‍ നിന്നു മൂന്ന് സര്‍വ്വീസുകളാണുള്ളത്. റിയാദില്‍ നിന്നു കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും ദമ്മാമില്‍ നിന്നു കൊച്ചിയിലേക്കുമാണ് ഈ വിമാനങ്ങള്‍. ഇതില്‍ യാത്ര ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് എയര്‍ ഇന്ത്യ ഓഫിസുകളില്‍ നിന്നു ടിക്കറ്റുകള്‍ കൊടുത്തു തുടങ്ങി.

വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ സൗദി പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള സൗദി എയര്‍ലൈന്‍സ് വിമാനങ്ങളുടെ സര്‍വീസും തടസ്സമില്ലാതെ നടക്കുന്നുണ്ട്. വെള്ളിയാഴ്ച ആസ്ത്രേലിയയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ സൗദി പൗരന്മാര്‍ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. പിന്നീട് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയവരെ വിദേശ കാര്യ, ആരോഗ്യ മന്ത്രാലയത്തിലെയും സിവില്‍ ഏവിയേഷനിലെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു.

In Saudi Arabia, the number of Covid cases rose to 49,176


 

Most Popular