ജിദ്ദ: നിലവിലെ സാഹചര്യത്തില്‍ സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് പറക്കാനാകില്ലെന്ന സൗദി സിവില്‍ ഏവിയേഷന്റെ അറിയിപ്പ് സൗദി എയര്‍ലൈന്‍സും സ്ഥിരീകരിച്ചു. സൗദി എയര്‍ലൈന്‍സ് തങ്ങളുടെ ട്രാവല്‍ പാര്‍ട്ണര്‍മാര്‍ക്ക് അയച്ച സന്ദേശത്തിലാണു സൗദി സിവില്‍ ഏവിയേഷന്റെ കഴിഞ്ഞ ദിവസത്തെ സര്‍ക്കുലറിലെ കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്.
ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ റദ്ദാക്കിയതായി സര്‍ക്കുലറില്‍ പറയുന്നു. അതോടൊപ്പം സൗദിയിലെത്തുന്നതിനു മുമ്പ് 14 ദിവസത്തിനുള്ളിലായി ഈ പറയപ്പെട്ട 3 രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും സൗദിയിലേക്ക് വിലക്ക് ബാധകമാകും.
അതേ സമയം, സൗദി സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണമുള്ളവര്‍ക്ക് മേല്‍ പറഞ്ഞ വിലക്ക് ബാധകമാകില്ലെന്നും സന്ദേശത്തില്‍ പറയുന്നു.
ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ ഒരുക്കുമെന്ന് പറഞ്ഞ് ചില ട്രാവല്‍ ഏജന്‍സികള്‍ രംഗത്ത് വന്നിരുന്നു. പലരും അത്തരം ട്രാവല്‍ ഏജന്റുമാര്‍ക്ക് പണം നല്കി ടിക്കറ്റ് ബുക്കിങും നടത്തിയിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ചാര്‍ട്ടേഡ് സര്‍വീസുകളും നടക്കില്ല.
ഇനി ഓട്ടോമാറ്റിക്കായി ഇഖാമ റീ എന്‍ട്രി വിസകള്‍ പുതുക്കുമോ എന്നത് സംബന്ധിച്ച് ജവാസാത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. നിരവധി പ്രവാസികള്‍ ഇതിനകം സ്പോണ്‍സര്‍മാരുമായി ബന്ധപ്പെട്ട് ഇഖാമയും റി എന്‍ട്രിയുമെല്ലാം അബ്ഷിര്‍ വഴിയോ മുഖീം വഴിയോ പുതുക്കിയിട്ടുമുണ്ട്.
ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ കൊറോണ വലിയ തോതില്‍ വ്യാപിച്ചതിനെത്തുടര്ന്നാണു സൗദി അധികൃതര്‍ നിലവില്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വിഷയത്തില്‍ ഒരു പരിഹാരം കാണുന്നതിന് ഉന്നത തല ചര്‍ച്ചകള്‍ നടക്കുന്നതായാണ് അറിയുന്നത്.