Sunday, September 26, 2021
Home Gulf Saudi Arabia മക്കയില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ കോണ്‍സുലേറ്റ് തിരിഞ്ഞുനോക്കുന്നില്ല; പരാതിയുമായി 21 പ്രവാസി സംഘടനകള്‍

മക്കയില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ കോണ്‍സുലേറ്റ് തിരിഞ്ഞുനോക്കുന്നില്ല; പരാതിയുമായി 21 പ്രവാസി സംഘടനകള്‍

മക്ക: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന മക്കയിലെ ഇന്ത്യക്കാരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് തിരിഞ്ഞു നോക്കുന്നില്ലെന്നു പരാതി. ഭക്ഷണവും സഹായവും ലഭിക്കാതെ പലരും കടുത്ത പ്രതിസന്ധിയിലാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ കക്ഷികളുടെയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മക്ക ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ 21 സന്നദ്ധ സംഘടനകള്‍ ജിദ്ദയിലെ കോണ്‍സുല്‍ ജനറല്‍, റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍, ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി, എംപിമാര്‍, തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കി.

സൗദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മക്കയിലാണ്. 12,500 ലധികം പേര്‍ക്കാണ് ഇവിടെ രോഗബാധ. നിരവധി പേര്‍ മരിച്ചു. ഒരുപാട് ഇന്ത്യക്കാര്‍ മക്കയിലെ വിവിധ ആശുപത്രികളിലും ക്വാറന്റൈന്‍ സെന്ററുകളിലും കഴിയുകയാണ്. പലരുടെയും ആരോഗ്യസാഹചര്യങ്ങള്‍ ഏറെ ഗുരുതരമാണ്.

തൊഴില്‍ നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും രോഗബാധമൂലവും ദുരിതത്തില്‍ കിഴുയന്ന ഇന്ത്യക്കാര്‍ സൗദി സര്‍ക്കാരിന്റെയും മക്കയിലെ വിവിധ സന്നദ്ധ സംഘടനകളുടെയും കാരുണ്യത്തിലാണ് കഴിയുന്നത്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒരിടപെടലും നടത്തുന്നില്ലെന്നും പ്രവാസികളെ പാടെ അവണിക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു. ജനസാന്ദ്രത ഏറിയ മക്ക നഗരത്തില്‍ മുഴുസമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടെ പ്രവാസികളില്‍ ഏറിയ പങ്കും ദുരിതത്തിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ശക്തവും ഫലപ്രദവുമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നു സംഘടനാ വക്താക്കള്‍ ആവശ്യപ്പെട്ടു.

നാട്ടിലേക്ക് തിരിച്ചുപോകാന്‍ എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് അര്‍ഹരായവര്‍ക്ക് പ്രാമുഖ്യം നല്‍കുക, തിരിച്ചുപോക്കിന് വേഗം കൂട്ടാന്‍ ജംബോ വിമാനങ്ങള്‍ സജ്ജമാക്കുക, മക്കയില്‍ നിന്നും നാട്ടില്‍ പോകാന്‍ അനുമതി ലഭിക്കുന്നവര്‍ക്കും അവരെ എയര്‍പോര്‍ട്ടില്‍ എത്തിക്കുന്നവര്‍ക്കും നിയമാനുസൃതം പോകുന്നതിനുള്ള യാത്ര പെര്‍മിറ്റുകള്‍ ലഭ്യമാക്കുക, ദുരിതത്തിലായവര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും, മരുന്നുകളും എത്തിക്കാനുള്ള നടപടികള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് പ്രവാസിസംഘടനകള്‍ മുന്നോട്ട് വച്ച മറ്റു ആവശ്യങ്ങള്‍. ക്യാംപുകളിലും വീടുകളിലും കഴിയുന്ന രോഗികളെ അല്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ആശുപത്രിയിലേക്കും ക്യാമ്പുകളിലേക്കും കൊണ്ടു പോകുന്നതിനാവശ്യമായ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഹജ്ജുകാലങ്ങളില്‍ ചെയ്യുന്ന പോലെ മക്കയില്‍ ഏതാനും കെട്ടിടങ്ങള്‍ വാടകക്ക് എടുത്തു രോഗബാധിതര്‍ക്കുള്ള ക്വറന്റീന്‍ സൗകര്യങ്ങളൊരുക്കണമെന്നും നിവേദനത്തില്‍ അഭ്യര്‍ഥിക്കുന്നു.

കെഎംസിസി പ്രസിഡന്റ് അബ്ദുൽ മുഹൈമിൻ, ഓ.ഐ.സി.സി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട്, ഇന്ത്യൻ ഫ്രറ്റേണിറ്റി പ്രസിഡന്റ് ഖലീൽ ചെമ്പയിൽ, തനിമ പ്രസിഡന്റ് അബ്ദുൽ ഹകീം ആലപ്പുഴ, ഐസിഎഫ് പ്രസിഡന്റ് സയ്യിദ് ബദറുദ്ധീൻ ബുഖാരി, മക്ക ഹജ്ജ് വെൽഫെയർ പ്രതിനിധി ടി.പി അഹമ്മദ് കുട്ടി, എസ്.ഐ.സി പ്രസിഡന്റ് സൈനുദ്ധീൻ അൻവരി, ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അബ്ദുല്ല കോയ, ഇസ്ലാഹി സെന്റര് പ്രസിഡന്റ് മുഹമ്മദ് അലി കാരക്കുന്ന് തുടങ്ങി മക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 21 സംഘടനാ നേതാക്കൾ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

indian consulate doesn’t care indians stranded in mecca


 

Most Popular