Tuesday, April 13, 2021
Home Gulf Saudi Arabia സൗദിയിൽ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കാൻ നീക്കമുള്ളതായി സൂചന

സൗദിയിൽ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കാൻ നീക്കമുള്ളതായി സൂചന

റിയാദ്: സൗദിയില്‍ സ്പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കമുള്ളതായി സൂചന. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും പ്രമുഖ ഓണ്‍ലൈന്‍ പത്രങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദേശ തൊഴിലാളികളുടെ ജീവിത ഗുണമേന്മ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് സ്പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. വിദേശ തൊഴിലാളികളുടെ താമസം, വിനോദം അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളും നടപ്പാക്കാനും നീക്കമുണ്ട്.

പുതിയ പദ്ധതി അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. സൗദിയിലെ ഒരു കോടിയോളം വരുന്ന വിദേശ തൊഴിലാളികള്‍ക്ക് പുതിയ നിയമത്തിന്റെ പ്രയോജനം ലഭിക്കും. അതേസമയം
സ്പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കുന്ന പുതിയ പദ്ധതിയെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇന്നലെ പ്രഖ്യാപിക്കാനിരുന്നതാണെങ്കിലും ഇത് അടുത്തയാഴ്ചയിലേക്ക് നീട്ടിവെക്കുകയായിരുന്നു.

പുതിയ പ്രഖ്യാപനം നടത്തുന്ന മാധ്യമസമ്മേളനത്തിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളെ ക്ഷണിക്കല്‍ അടക്കമുള്ള ഒരുക്കങ്ങള്‍ നിലവില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പൂര്‍ത്തിയാക്കിവരികയാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏഴു ദശകത്തിനു ശേഷമാണ് സ്പോണ്‍സര്‍ഷിപ്പ് നിയമം സൗദിയില്‍ എടുത്തുകളയുന്നത്.

Most Popular