സൗദിയില്‍ സ്വദേശിവത്കരണം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്കും..

റിയാദ്: സ്വദേശിവത്കരണം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ ജോലികളിലേക്കും സൗദി വ്യാപിപ്പിക്കുന്നു. ഹോം ഡെലിവറി, ആരോഗ്യം, നിയമം തുടങ്ങിയ മേഖലകളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കെല്ലാം സ്വദേശിവത്കരണം നിര്‍ബന്ധമാക്കും. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഓണ്‍ലൈന്‍ ബുക്കിങിന് ശേഷമുള്ള ഡോക്ടര്‍മാരുടെ സേവനം, നിയമ മേഖലയിലെ സേവനങ്ങള്‍, ഓണ്‍ലൈന്‍ ഡെലിവറി, വീടുകളിലെ അറ്റകുറ്റപ്പണി, വാഹന ജോലികള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും. ആറുമാസത്തിനകം ആദ്യഘട്ടം പ്രഖ്യാപിക്കും.

സൗദിയിലെ മിക്ക കമ്പനികളിലും ഓണ്‍ലൈനായി ജോലി ചെയ്യുന്നവരുണ്ട്. സൗദിയില്‍ നേരിട്ടെത്തിയും വിദേശത്തിരുന്നും ഇവര്‍ സേവനം നല്‍കുന്നു. ഇത്തരം സേവനങ്ങളില്‍ സൗദി പൗരന്മാരുമായി നേരിട്ട് ഇടപാട് വരുന്ന ജോലികളാണ് സ്വദേശിവത്കരിക്കാന്‍ തീരുമാനിച്ചത്. പുറമെ ഉപയോക്താവിന് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇടനിലയായി പ്രവര്‍ത്തിക്കുന്ന ഏതൊരു ആപ്പും വെബ്സൈറ്റും പങ്കാളിത്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയി പുതിയ തീരുമാനം നിര്‍വചിക്കുന്നു. കോവിഡാനന്തരം ഓണ്‍ലൈന്‍ സേവനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം.