Friday, June 18, 2021
Home Gulf Saudi Arabia സൗദിക്കും യുഎഇക്കും ആയുധം നല്‍കുന്നത് നിര്‍ത്തിവച്ച് ഇറ്റലി

സൗദിക്കും യുഎഇക്കും ആയുധം നല്‍കുന്നത് നിര്‍ത്തിവച്ച് ഇറ്റലി

ദുബൈ: സൗദി അറേബ്യക്കും യുഎഇക്കും ആയിരക്കണക്കിന് മിസൈലുകള്‍ വില്‍പ്പന നടത്താനുള്ള പദ്ധതി ഇറ്റലി നിര്‍ത്തിവച്ചു. യമന്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടുവെന്നാരോപിച്ചാണ് നടപടി. നേരത്തേ 18 മാസത്തേക്ക് ഇരു രാജ്യങ്ങള്‍ക്കുമുള്ള ആയുധവില്‍പ്പന ഇറ്റലി സസ്‌പെന്റ് ചെയ്തിരുന്നു. അത് സ്ഥിരപ്പെടുത്തിക്കൊണ്ടാണ് തീരുമാനം.

മിസൈലുകളും എയര്‍ക്രാഫ്റ്റ് ബോംബുകളും സൗദി അറേബ്യക്കും യുഎഇക്കും നല്‍കാനുള്ള അംഗീകാരം പിന്‍വലിക്കുന്നു-വെള്ളിയാഴ്ച്ച നടത്തിയ പ്രസ്താവനയില്‍ വിദേശമന്ത്രി ലുഗി ഡി മായോ പറഞ്ഞു. ഞങ്ങളുടെ രാജ്യത്തിന്റെ വ്യക്തമായ സമാധാന സന്ദേശമാണിത്. മനുഷ്യാവകാശത്തെ മാനിക്കുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ലംഘിക്കാനാവാത്ത പ്രതിബദ്ധതയാണ്- ഡി മായോ പറഞ്ഞു. ഇന്നലത്തെ പ്രസ്താവനയില്‍ യമനെക്കുറിച്ച് പരാമര്‍ശമില്ലെങ്കിലും 2019 ജൂലൈയില്‍ ആയുധ വില്‍പ്പന സസ്‌പെന്റ് ചെയ്യുന്ന സമയത്ത് അക്കാര്യം പരാമര്‍ശിച്ചിരുന്നു.

2016ലെ കരാര്‍ പ്രകാരം 400 ദശലക്ഷം യൂറോയ്ക്ക് 20,000 മിസൈലുകള്‍ നല്‍കാന്‍ കരാറായിരുന്നു. അതില്‍ വലിയൊരു ഭാഗമാണ് ഇപ്പോള്‍ വിലക്കിയിരിക്കുന്നത്.

Most Popular