Sunday, July 25, 2021
Home Gulf Saudi Arabia വെള്ളത്തില്‍ വീണ് മരിച്ച പ്രവാസിയുടെ കുടുംബത്തിന് ജീവിത മാര്‍ഗമൊരുക്കി ജിദ്ദ കെഎംസിസി

വെള്ളത്തില്‍ വീണ് മരിച്ച പ്രവാസിയുടെ കുടുംബത്തിന് ജീവിത മാര്‍ഗമൊരുക്കി ജിദ്ദ കെഎംസിസി

തേഞ്ഞിപ്പലം: ജോലി സ്ഥലത്ത് മരിച്ച ഹംസയുടെ കുടുംബത്തിന്റെ ജീവിതോപാധിക്കായി ജിദ്ദ കെഎംസിസി നിര്‍മിച്ച് നല്‍കുന്ന കോട്ടേസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കുറ്റി അടിക്കല്‍ കര്‍മം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം നിര്‍വഹിച്ചു. മണ്ഡലം എംഎല്‍എ അബ്ദുല്‍ഹമീദ് മാസ്റ്റര്‍ നിര്‍മാണ കരാറും തുകയും കൈമാറി.

രണ്ട് വര്‍ഷം മുമ്പ് ജിദ്ദയില്‍ ജോലി സ്ഥലത്ത് വെച്ച് അബദ്ധത്തില്‍ വാട്ടര്‍ ടാങ്കില്‍ വീണാണ് വള്ളിക്കുന്ന് മണ്ഡലത്തിലെ തേഞ്ഞിപ്പാലം ദേവതിയാല്‍ സ്വദേശിയായ ഹംസ മരണപെട്ടത്. മരിക്കുന്നതിന്റെ തൊട്ട് മുമ്പ് ഹംസയുടെ രണ്ട് പെണ്‍മക്കളുടെ വിവാഹം ഉറപ്പിച്ചിരുന്നു. 600 റിയാല്‍ ശബളത്തിന് ജോലി ചെയ്ത് വരികയായിരുന്ന ഹംസയുടെ ദാരുണ മരണത്തെ തുടര്‍ന്ന് മക്കളുടെ വിവാഹം അടക്കമുള്ള എല്ലാ ഉത്തരവാദിത്തവും ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു.

പിന്നീട് ഹംസയുടെ ഭാര്യയുടെ നിത്യച്ചെലവിന് സ്ഥിര വരുമാനം കണ്ടെത്താന്‍ വേണ്ടി ദേവതിയാലില്‍ കുടുംബത്തിന്റെ പേരില്‍ ജിദ്ദ കെ.എം.സി.സി 13 സെന്റ് ഭൂമി വാങ്ങുകയായിരുന്നു. ഹംസയുടെ വിധവയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ഭൂമിയുടെ ആധാരം 4 മാസം മുമ്പ് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കുടുംബത്തിന് കൈമാറിയിരുന്നു.

ഈ സ്ഥലത്ത് ജിദ്ദ കെ.എം.സി.സി.യുടെ ചിലവില്‍ നിര്‍മിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് കുടുംബത്തിന്റെ നിത്യച്ചെലവിന് വഴി ഒരുങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി പി മുസ്തഫ അധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഡോ. വി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സെക്രട്ടറി ബക്കര്‍ ചെര്‍ണ്ണൂര്‍, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഷരീഫ്, കെഎംസിസി നേതാക്കളായ ഇബ്രാഹിം മുഹമ്മദ്, ഗഫൂര്‍ പട്ടിക്കാട്, സീതി കൊളക്കടന്‍, നസീം കാടപ്പടി, പി കെ സുഹൈല്‍, നൂര്‍ മുഹമ്മദ്, സി എച് അബുബക്കര്‍ സിദ്ദീഖ്, സൈദലവി നീലങ്ങത്, അഷ്റഫ് വെന്നിയൂര്‍, റഫീഖ് അമരേരി, ഇ പി ഇബ്രാഹിം, പ്രവാസി ലീഗ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് പി എം ബാവ സംസാരിച്ചു.
ജിദ്ദ കെഎംസിസി കുടുംബ സുരക്ഷാ പദ്ധതി കേരള കോര്‍ഡിനേറ്റര്‍ പി എം എ ജലീല്‍ സ്വാഗതവും ജിദ്ദ കെഎംസിസി സെക്രട്ടറി സി സി കരീം നന്ദിയും പറഞ്ഞു.

 

Most Popular