Tuesday, May 18, 2021
Home Gulf Saudi Arabia കെഎംസിസി നേതാവ് മുനീര്‍ വടക്കുമ്പാട് ജിദ്ദയില്‍ നിര്യാതനായി

കെഎംസിസി നേതാവ് മുനീര്‍ വടക്കുമ്പാട് ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ: ജിദ്ദ കെഎംസിസി കടലൂണ്ടി പഞ്ചായത്ത് പ്രസിഡന്റ് മുനീര്‍ വടക്കുമ്പാട് (49) ജിദ്ദയില്‍ നിര്യാതനായി. ഹൃദയാഘാതം മൂലമാണ് മരണം. കോഴിക്കോട് കടലുണ്ടി വടക്കുമ്പാട് സ്വദേശിയാണ്. ചൊവ്വാഴ്ച രാത്രി സുഹൃത്തിന്റെ റൂമില്‍ താമസിച്ച മുനീര്‍ ഭക്ഷണം കഴിച്ച് രാത്രി വൈകി ഉറങ്ങിയതായിരുന്നു. ബുധനാഴ്ച്ച രാവിലെ സുഹൃത്തുക്കള്‍ ജോലിക്ക് പോയ ശേഷം ഉച്ചയായിട്ടും ജോലിക്കെത്താത്ത മുനീറിനെ അന്വേഷിച്ച് റൂമിലെത്തിയ മറ്റു സുഹൃത്തുക്കളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പതിനഞ്ച് വര്‍ഷമായി ജിദ്ദയിലും റിയാദിലുമായി ജോലി നോക്കിയിരുന്ന മുനീര്‍ നാട്ടില്‍ മുസ്്ലിം ലീഗിന്റെയും സൗദിയില്‍ കെഎംസിസിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു. മുന്‍ ബേപ്പൂര്‍ മണ്ഡലം എംഎസ്എഫ് ജനറല്‍ സെക്രട്ടറി, കടലുണ്ടി പഞ്ചായത്ത് മുസ്്ലിം ലീഗ് മുന്‍ സെക്രട്ടറി, കടലുണ്ടി പഞ്ചായത്ത് മുസ്്ലിം യൂത്ത് ലീഗ് മുന്‍ ട്രഷറര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു.

കൊടക്കാട്ടകത്ത് മുഹമ്മദുണ്ണിയാണ് പിതാവ്. ബീഫാത്തിമയാണ് മാതാവ്. ബുഷ്റ ഭാര്യയാണ്. നിമിയ ശെറിന്‍, നെഷ്മിയ, അഹ്ബാന്‍ മുനീര്‍, എന്നിവര്‍ മക്കളാണ്. മയ്യത്ത് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ മുഹമ്മദ്കുട്ടി പാണ്ടിക്കാട്, ബേപ്പൂര്‍ മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി സാലിഹ് പൊയില്‍തൊടി എന്നിവര്‍ രംഗത്തുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മുനീറിന്റെ നിര്യാണത്തില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ്റഫ് വേങ്ങാട്ട്, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് ലത്തീഫ് കളരാന്തിരി , ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍ മണ്ണൂര്‍, ബേപ്പൂര്‍ മണ്ഡലം ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല , ട്രഷറര്‍ നാസര്‍ മുല്ലക്കല്‍, ജിദ്ദ ബേപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കൊങ്ങയില്‍ ജനറല്‍ സെക്രട്ടറി സാലിഹ് പൊയില്‍തൊടി എന്നിവര്‍ അനുശോചിച്ചു.


 

Most Popular