Monday, June 14, 2021
Home Gulf Saudi Arabia കേളിയുടെ ഫൈസല്‍ പറമ്പന്‍ കുടുംബ സഹായം കൈമാറി

കേളിയുടെ ഫൈസല്‍ പറമ്പന്‍ കുടുംബ സഹായം കൈമാറി

റിയാദ്: ജോലിക്കിടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട കേളി പ്രവര്‍ത്തകനായ ഫൈസല്‍ പറമ്പന്റെ കടുംബത്തെ സഹായിക്കാന്‍ കേളി കലാസാംസ്‌കാരിക വേദി സ്വരൂപിച്ച കുടുംബ സഹായ ഫണ്ട് കൈമാറി. കേളി ബത്ഹ ഏരിയയിലെ അത്തിക്ഹ യൂണിറ്റ് അംഗമായിരുന്ന ഫൈസല്‍, മലപ്പുറം ചെമ്മാട് സ്വദേശിയായിരുന്നു. കേളി അംഗങ്ങളായിരിക്കെ മരണപ്പെടുന്ന പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക്, കേളി അംഗങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന ഫണ്ടാണ് കുടുംബ സഹായമായി വിതരണം ചെയ്യുന്നത്.

2003 മുതല്‍ റിയാദില്‍ സിസിടിവി ടെക്‌നിഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ഫൈസല്‍ കഴിഞ്ഞ നവംബര്‍ 16ന് മന്‍ഫുഹയില്‍ ജോലിക്കിടെ കോണിയില്‍ നിന്ന് തലകറങ്ങി വീഴുകയായിരുന്നു. വീഴ്ചക്കിടയില്‍ തല കോണ്‍ക്രീറ്റ് പടിക്കെട്ടില്‍ അടിച്ച് ഗുരുതരമായ പരിക്കുകളോടെ അല്‍ഇമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തു ദിവസത്തിനു ശേഷം മരണം സംഭവിക്കുകയുമായിരുന്നു.

കേരള പ്രവാസി സംഘം മുന്നിയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വേദിയില്‍ വെച്ചാണ് കുടുംബ സഹായം കൈമാറിയത്. ചടങ്ങില്‍ മൊയ്തീന്‍ കുട്ടി, എന്‍.പി.സക്കീര്‍, എം.കൃഷ്ണന്‍, വി.പി.വിശ്വനാഥന്‍, തെക്കേപ്പാട്ട് ലത്തീഫ്, അഡ്വ.സി.മുസ്തഫ, കേളി പ്രവര്‍ത്തകരായ ഷമീര്‍ കുന്നുമ്മല്‍, റഫീഖ് പാലത്ത്, കാഹീം ചേളാരി എന്നിവര്‍ സംബന്ധിച്ചു. കുടുബസഹായം ഫൈസലിന്റെ കുട്ടികള്‍ കേരള പ്രവാസി സംഘം സംസ്ഥാനകമ്മിറ്റി അംഗം ഉസ്മാന്‍ പൂളക്കോടില്‍ നിന്നും ഏറ്റുവാങ്ങി.

 

Most Popular