
ദേശാഭിമാനി ഡിജിറ്റല്‍ പ്രചാരകര്‍ക്ക് കേളിയുടെ ആദരം
റിയാദ്: ദേശാഭിമാനി മുഖപ്രസംഗം ശബ്ദരൂപത്തിലും, പത്രം പി.ഡി.എഫ്. രൂപത്തിലും റിയാദില്‍ നിന്ന് ലോകമൊട്ടാകെ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്കുന്ന കേളിയുടെ സൈബര്‍വിംഗ് വിഭാഗം പ്രവര്‍ത്തകരെ കേളിയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ആദരിച്ചു.
ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടല്‍ അങ്കണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നടന്ന കേളിയുടെ പ്രൗഢഗംഭീരമായ ഇരുപതാം വാര്‍ഷികാഘോഷ വേളയിലാണ് സൈബര്‍വിംഗ് പ്രവര്‍ത്തകരെ ആദരിച്ചത്. 2015 മെയ് 26നാണ് കേളിയുടെ ഇപ്പോഴത്തെ രക്ഷാധികാരി സമിതി കണ്‍വീനര്‍ കെ.പി.എം.സാദിഖ് മുഖപ്രസംഗ വായനക്ക് തുടക്കം കുറിച്ചത്. പ്രാരംഭ കാലത്ത് എഡിറ്റിംഗില്ലാതെ തുടങ്ങിയ വായന തുടര്‍ന്ന് എഡിറ്റിംഗോടുകൂടിയാണ് മുന്നോട്ട് പോയത്. മഹേഷ് കോടിയത്ത്, ബിന്ദ്യാ മഹേഷ്, പ്രിയ വിനോദ്, സജീന സിജിന്‍ , സന്ധ്യ പുഷ്പരാജ് , മാജിദ ഷാജഹാന് എന്നിവരായിരുന്നു ആദ്യകാലങ്ങളിലെ വായനക്കാര്‍. സീബ കൂവോട്, സീന സെബിന്, ശ്രീഷ സുകേഷ്, ഫസീല നാസര്‍ എന്നിവരാണ് ഇപ്പോള്‍ മുഖപ്രസംഗ വായന നടത്തുന്നത്. സൈബര്‍വിംഗ് ചെയര്മാന് കൂടിയായ ബിജു തായമ്പത്ത് വായനയും, എഡിറ്റിങ്ങും നടത്തുന്നതിനു പുറമെ മുഖപ്രസംഗ വായനയുടെ സമ്പൂര്‍ണ്ണ ഉത്തരവാദിത്വവും വഹിക്കുന്നു. നൗഷാദ് കെ.ടിക്കും എഡിററിംഗ് ചുമതലയുണ്ട്.
2016 ലാണ് ദേശാഭിമാനി ദിനപത്രം റിയാദില്‍ നിന്ന് പി.ഡി.എഫ്. രൂപത്തില്‍ പ്രചരിപ്പിക്കാന്‍ ആരംഭിച്ചത്. അത് ഇന്നും മുടക്കം കൂടാതെ ലോകമെമ്പാടുമുള്ള ദേശാഭിമാനിയെ സ്നേഹിക്കുന്ന ജനങ്ങളുടെ മൊബൈലിലും, ടാബിലും, കംപ്യൂട്ടറിലും ഒക്കെയായി എത്തിച്ചേരുന്നു. സിജിന്‍ കൂവള്ളൂര്‍, സുനില്‍ സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പത്രം ദിവസേന പി.ഡി.എഫ്. രൂപത്തിലിറങ്ങുന്നത്. നൗഫല്‍ പൂവക്കുറുശ്ശിയും ഈ ഉദ്യമത്തില്‍ പങ്കാളിയായിരുന്നു. ദേശാഭിമാനി പത്രവും മുഖപ്രസംഗവും ഡിജിറ്റല്‍ രൂപത്തില്‍ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിലുള്ള കേളിയുടെ ഈ ഉദ്യമം റിയാദ് സന്ദര്‍ശിച്ച ദേശാഭിമാനിയുടെ ചുമതലക്കാരായ ഗോവിന്ദന് മാസ്റ്റര്‍, കെ.ജെ.തോമസ്, പി.രാജീവ് എന്നിവരുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്.