
കേളി 2021 കലണ്ടര്‍ പ്രകാശനം ചെയ്തു
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 2021 ലെ കലണ്ടര്‍ പ്രകാശനം ബത്ഹയിലെ ഹോട്ടൽ അപ്പോളോ ഡിമോറയിലെ കേളി വാർഷികാഘോഷ സദസ്സിൽ വെച്ച് നടന്നു. കേളി ആക്റ്റിംഗ് പ്രസിഡന്റ് ചന്ദ്രൻ തെരുവത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍, കലണ്ടറിന്റെ പ്രധാന പ്രയോജകരായ അൽ കോബ്ലാൻ തെർമോ പൈപ്പ് റീജിയണൽ മാർക്കറ്റിംഗ് മാനേജർ, എൻജിനീയർ ഹസ്സൻ അബ്ദുൽ ഹാദിയാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്. 2021 ലെ കലണ്ടറിന്റെ മുഖ്യ പ്രായോജകര്‍ അല്‍ കോബ്ലാനും സഹപ്രായോജകര്‍ അല്‍ മാതേഷ് എസ്റ്റാബ്ലിഷ്മെന്റുമാണ്.
2012 മുതല്‍ കേളി തുടര്‍ച്ചയായി കലണ്ടര്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വരച്ചു കാട്ടുന്ന പ്രമേയവുമായാണ് ഇത്തവണത്തെ കലണ്ടര്‍ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേളി ജോ.സെക്രട്ടറി സുരേഷ് കണ്ണപുരത്തിന്റെ നേതൃത്വത്തിൽ സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂരാണ് കലണ്ടറിന്റെ രൂപകൽപ്പന നിർവ്വഹിച്ചത്. കേളി അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും വേണ്ടി തയ്യാറാക്കുന്ന കലണ്ടര്‍ തികച്ചും സൗജന്യമായാണ് വിതരണം ചെയ്യുന്നത്
കേളി വൈസ് പ്രസിഡണ്ട് പ്രഭാകരൻ കണ്ടോന്താർ ആമുഖ പ്രഭാഷണം നടത്തിയ കലണ്ടർ പ്രകാശന ചടങ്ങിൽ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗ്ഗീസ്, ജോ. സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സഹ പ്രായോജകരായ അൽ മാതേഷ് എസ്റ്റാബ്ലിഷ്മെന്റ് പ്രതിനിധി പ്രസാദ് വഞ്ചിപ്പുര, ‘കേളിദിനം 2021’ മുഖ്യ പ്രയോജകരായ ഫ്യുച്ചർ എജുക്കേഷൻ പ്രതിനിധി സിദ്ദിഖ് അഹമ്മദ്, കേളി രക്ഷാധികാരി കൺവീനർ കെ.പി.എം.സാദിഖ്, രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.