റിയാദ്: സൗദിയിലെ ഇന്ത്യന്‍ എംബസിയെ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിയില്‍ അറസ്റ്റിലായ മലയാളിയായ ഡൊമിനിക് സൈമണ്‍ ഉടന്‍ ജയില്‍ മോചിതനാകും. ഭര്‍ത്താവിന്റെ മോചനത്തിന് വേണ്ടി ശാലിനി സ്കറിയ ജോയി നടത്തിയ പോരാട്ടം വിജയം കണ്ടതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തതത്.
കോടതി മോചന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡൊമിനിക് സൈമണ്‍ ഞായറാഴ്ചയോ, തിങ്കളാഴ്ചയോ പുറത്തിറങ്ങുമെന്ന് ശാലിനി സ്കറി അറിയിച്ചു. ഇന്ത്യന്‍ എംബസി അധികൃതരുടെയോ, അല്ലെങ്കില്‍ അവരുടെ ആവശ്യപ്രകാരമോ നല്കിയ പരാതിയിലാണ് ഡൊമിനിക് സ്കറിയ അറസ്റ്റിലായതെന്നാണ് ഭാര്യ ആരോപിക്കുന്നത്. ജൂലൈ എട്ടിനായിരുന്നു ഇദ്ദേഹത്തെ സൗദി അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.
ഇന്ത്യന്‍ അധികൃതര്‍ക്കെതിരെ വ്യാജവും അപകീര്‍ത്തികരവുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ചായിരുന്നു ഡൊമിനിക് സൈമണിനെതിരായ നടപടി. അതേസമയം, ഇദ്ദേഹം വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള പ്രതികാര നടപടിയാണ് അധികൃതരുടേതെന്നാണ് ഭാര്യയുടെ ആരോപണം.
കോട്ടയം പാലാ സ്വദേശിയായ ഡൊമിനിക് സൈമണ്‍ കഴിഞ്ഞ 15 വര്‍ഷമായി ഗള്‍ഫില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുകയാണ്. സൈമണിന്റെ മോചനവുമായി ബന്ധപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും സഹായം തേടിയിരുന്നു.