Saturday, July 24, 2021
Home News Kerala സൗദിയില്‍ മലയാളി നഴ്‌സ് ജീവനൊടുക്കിയത് ഭര്‍ത്താവിന് വീഡിയോ കോള്‍ ചെയ്ത് ഷാള്‍ കുരുക്കിയ ശേഷം; അന്വേഷണമാവശ്യപ്പെട്ട്...

സൗദിയില്‍ മലയാളി നഴ്‌സ് ജീവനൊടുക്കിയത് ഭര്‍ത്താവിന് വീഡിയോ കോള്‍ ചെയ്ത് ഷാള്‍ കുരുക്കിയ ശേഷം; അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍

കൊല്ലം: സൗദിയില്‍ കഴിഞ്ഞ ദിവസം മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തത് ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത ശേഷമെന്ന് ബന്ധുക്കള്‍. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കും.

പുത്തയം തൈക്കാവ്മുക്ക് ഷിവാന മന്‍സില്‍ അബ്ദുല്‍ സലാമിന്റെയും റുഖിയ ബീവിയുടെയും മകള്‍ മുഹ്‌സീന (32)യാണ് സൗദിയില്‍ തൂങ്ങിമരിച്ചത്. മക്കയിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നഴ്‌സായിരുന്നു മുഹ്‌സീന. റിയാദിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സമീറിനെ വിഡിയോ കോളില്‍ വിളിച്ചു സംസാരിച്ചെന്നും ഷാള്‍ കഴുത്തില്‍ കുരുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ഭര്‍ത്താവില്‍ നിന്നുള്ള മാനസിക പീഡനവും സാമ്പത്തിക നഷ്ടവുമാണ് മകള്‍ ജീവന്‍ ഒടുക്കാന്‍ കാരണമെന്നാണു രക്ഷിതാക്കളുടെ ആരോപണം. മരിക്കുന്നതിനു തൊട്ടുമുന്‍പ് മുഹ്‌സീന 3 വയസ്സുകാരനായ മകനെ തൊട്ടടുത്ത ഫ്‌ളാറ്റില്‍ ആക്കിയിരുന്നു.

പ്രണയത്തിലായിരുന്ന മുഹ്‌സിനിയും സമീറും 2013 മേയില്‍ ആണു വിവാഹിതരായത്. ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയായ മുഹ്‌സിനയാണ് ആദ്യം സൗദിയില്‍ എത്തിയത്. സമീറിനെ സൗദിയില്‍ എത്തിക്കാനും മറ്റുമുള്ള ചെലവുകള്‍ മുഴുവന്‍ മുഹ്‌സിനയാണ് വഹിച്ചത്. നാട്ടില്‍ കാര്‍ വാങ്ങാനും പണം നല്‍കിയിരുന്നു. ഇതിനിടെ സമീര്‍ നാട്ടില്‍ വരുത്തിവച്ച 16 ലക്ഷത്തോളം രൂപയുടെ കടബാധ്യത മുഹ്‌സിനയുടെ പിതാവ് തീര്‍ക്കേണ്ടി വന്നതായും പരാതിയില്‍ പറയുന്നു.

കുറച്ചുകാലം മുന്‍പു സൗദിയില്‍ നിന്നു തിരികെ എത്തിയ സമീറിനെ ഒരു മാസം മുന്‍പാണു മുഹ്‌സിന വീണ്ടും കൊണ്ടു പോയത്. ഇതിനും മുഹ്‌സിന വലിയ തുക ചിലവഴിച്ചിരുന്നത്രെ. ഇതിനിടെ സമീറിന്റെ നാട്ടിലെ ചില അനാവശ്യ ബന്ധങ്ങള്‍ മുഹ്‌സിന ചോദ്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഇരുവരും വഴിക്കിട്ടിരുന്നു. സാമ്പത്തികവും മാനസികവുമായ വിഷമം കാരണമാണ് മകള്‍ മരിച്ചതെന്നും സമീറിനെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
ALSO WATCH

Most Popular