Monday, July 26, 2021
Home Gulf Saudi Arabia മൂന്ന് മാസത്തിനിടെ ഖബറടക്കിയത് കോവിഡ് ബാധിതര്‍ ഉള്‍പ്പെടെ 200ഓളം മൃതദേഹങ്ങള്‍; സേവന രംഗത്ത് സമാനതകളില്ലാതെ കെഎംസിസി

മൂന്ന് മാസത്തിനിടെ ഖബറടക്കിയത് കോവിഡ് ബാധിതര്‍ ഉള്‍പ്പെടെ 200ഓളം മൃതദേഹങ്ങള്‍; സേവന രംഗത്ത് സമാനതകളില്ലാതെ കെഎംസിസി

റിയാദ്: സേവന രംഗത്ത് അപൂര്‍വ്വ മാതൃകയായി കെഎംസിസി റിയാദ് ദാറുസ്സലാം വിംഗ്. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗിന്റെ ഉപ വിഭാഗമായ ദാറുസ്സലാം വിംഗ് കഴിഞ്ഞ മൂന്നു മാസത്തിനിടെ റിയാദിലും പരിസര പ്രദേശങ്ങളിലുമായി കോവിഡ് ബാധിച്ചും അല്ലാതെയുമുള്ള 200 ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലയക്കുകയോ ഇവിടെ തന്നെ ഖബറടക്കുകയോ ചെയ്തത്.

റിയാദിലെ വിവിധ ആശുപത്രികളില്‍ മാസങ്ങളായി നടപടികള്‍ പൂര്‍ത്തിയാകാതെ കിടക്കുകയായിരുന്ന മൃതദേഹങ്ങളും ഇവരുടെ ശ്രമഫലമായി ഖബറടക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടേതടക്കം മൃതദേഹങ്ങള്‍ ഇവര്‍ ഏറ്റെടുത്ത് മറവ് ചെയ്യുന്നു. സ്പോണ്‍സറോ ബന്ധുക്കളോ ഏറ്റെടുക്കാത്ത മൃതദേഹങ്ങളും ഇക്കൂട്ടത്തിലുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഇവര്‍ക്ക് വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു. ഇരുപതോളം മൃതദേഹങ്ങള്‍ വരെ ഖബറടക്കേണ്ട ദിവസമുണ്ടായിട്ടുണ്ട്. ആവശ്യമാ രേഖകള്‍ ശരിയാക്കാന്‍ സൗദി അധികൃതരും ഇന്ത്യന്‍ എംബസിയും എല്ലാ സഹായങ്ങളും നല്‍കാറുണ്ട്.

കോവിഡ് രോഗികളാണ് മരിച്ചതെങ്കില്‍ പ്രോട്ടോകോള്‍ പാലിച്ച് മയ്യിത്ത് നമസ്‌കാരമടക്കമുള്ള കര്‍മങ്ങള്‍ നിര്‍വഹിച്ചാണ് ഖബറടക്കുന്നത്. കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി, ശുമൈസി ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മോര്‍ച്ചറി ഉദ്യോഗസ്ഥര്‍, മന്‍സൂരിയ ഖബര്‍സ്ഥാന്‍, മയ്യിത്ത് പരിപാലന കേന്ദ്രമായ ദിറൈമിയയിലെ ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം നിരവധി പേരുടെ സഹായങ്ങള്‍ ഈ പ്രവര്‍ത്തനത്തിന് തണലായി മാറി.

മരണപ്പെട്ടവര്‍ക്ക് അവര്‍ ജോലി ചെയ്തിരുന്ന കമ്പനികളില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങളും നഷ്ടപരിഹാരവുമെല്ലാം ദാറുസ്സലാം വിംഗ് തന്നെ ഇടപെട്ട് കുടുംബത്തിന് വാങ്ങി നല്‍കാറുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിയാല്‍ വാഹന സൗകര്യം ആവശ്യമുള്ളവര്‍ക്ക് സി.എച്ച് സെന്റര്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ആംബുലന്‍സ് അടക്കമുള്ള സേവനവും ലഭ്യമാക്കാറുണ്ട്.

മയ്യിത്തുമായി മഖ്ബറയിലെത്തിയപ്പോള്‍ കുഴിച്ച ഖബറുകള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ദാറുസ്സലാം പ്രവര്‍ത്തകരും അവിടെയുള്ള ജീവനക്കാരും കൂടി ഖബര്‍ കുഴിച്ച് മയ്യിത്ത് ഖബറടക്കിയത് വേറിട്ടൊരു അനുഭവമായിരുന്നുവെന്ന് വിംഗിലെ അംഗങ്ങള്‍ പറഞ്ഞു. ഏറ്റെടുത്ത മയ്യിത്തിന്റെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചു വരാനൊരുങ്ങുമ്പോള്‍ മഖ്ബറയിലെത്തുന്ന മറ്റ് മയ്യിത്തുകള്‍ ഖബറടക്കാനും ഇവര്‍ തയാറാവാറുണ്ട്. രാത്രി വൈകിയും മഖ്ബറകളില്‍ മയ്യിത്ത് പരിപാലനവുമായി സജീവമാകുന്ന ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി നിരവധി പേര്‍ ഇവര്‍ക്കൊപ്പം പിന്നീട് ഈ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നു.

സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിലാണ് ദാറുസ്സലാം വിംഗ് പ്രവര്‍ത്തിക്കുന്നത്. അഷ്റഫ് വെള്ളാപ്പാടം, നജീബ് മമ്പാട്, മജീദ് പരപ്പനങ്ങാടി, ശിഹാബ് പുത്തേഴത്ത്, റാഫി കൂട്ടായി, ഇംഷാദ് മങ്കട, ഉനൈസ് കാളികാവ്, അനീസ് ബാബു വണ്ടൂര്‍, ജാഫര്‍ കാളികാവ്, മുനീര്‍ മക്കാനി, ജാസിം മഞ്ചേശ്വരം, നിയാസ് മൂര്‍ക്കനാട്, ഉമര്‍ അമാനത്ത്, സിദ്ദീഖ് ആനപ്പടി, അബ്ദുസമദ്, നജീബ് നെല്ലാങ്കണ്ടി, സമീര്‍ ഇരുട്ടി, ഹബീബ് അല്‍അബീര്‍, ഇര്‍ഷാദ് കയക്കോല്‍, ഉസ്മാന്‍ ചെറുമുക്ക്, സുബൈര്‍ ആനപ്പടി എന്നിവരാണ് അംഗങ്ങള്‍. റിയാദ് കെ.എം.സി.സി പ്രസിഡണ്ട് സി.പി. മുസ്തഫ, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍, സഹഭാരവാഹികളായ കെ.ടി.അബൂബക്കര്‍, മുഹമ്മദ് ഷാഹിദ് മാസ്റ്റര്‍, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, പി.സി അബ്ദുല്‍ മജീദ്, പി.സി അലി വയനാട് എന്നിവര്‍ ഇവര്‍ക്ക് വേണ്ട ഉപദേശ നിര്‍ദേശങ്ങളുമായി രംഗത്തുണ്ട്.

Most Popular